അഴിമതി ക്യാമറ സംബന്ധിച്ച് ഞാനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയില്‍ ആരംഭിച്ച നിയമ പോരാട്ടത്തിന് സ്വാഗതാര്‍ഹമായ തുടക്കമാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിഴത്തുക കമ്പനികള്‍ക്ക് നല്‍കുന്നത് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. വിഷയം വളരെ ഗൗരവത്തോടെയും വിശദമായും പരിഗണിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. അഴിമതിക്കെതിരായ നിലപാട് ഏത് ഘട്ടത്തിലേക്കാണ് എത്തിക്കേണ്ടതെന്നത് സംബന്ധിച്ച ഞങ്ങളുടെ അഭിപ്രായമാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരു അംഗീകാരമായി കാണുകയാണ്. ഖജനാവിന് നഷ്ടമുണ്ടായിട്ടുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നതെയുള്ളൂ. അഴിമതിയുടെ വിശദാംശങ്ങള്‍ എല്ലാ രേഖകളും സഹിതം ഉന്നയിച്ചിട്ടും അതിനോട് പ്രതികരിക്കാതെ സര്‍ക്കാര്‍ നടത്തിയ ഒളിച്ചോട്ടമാണ് നിയമനടപടിക്ക് ഞങ്ങളെ പ്രേരിപ്പിച്ചത്. അഴിമതി കഥകളെല്ലാം പുറത്ത് വരും. അഴിമതി നടത്തുന്ന സര്‍ക്കാരിന് കോടതി വിധി വലിയൊരു താക്കീതായി മാറുമെന്ന ആത്മവിശ്വാസമുണ്ട്. കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എം ഷാജിക്കെതിരെ വിജിലന്‍സ് എടുത്ത കേസും വിജിലന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് മുന്നിലെത്തിച്ച കേസും ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന കെ.എം ഷാജിയെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ച കേസുകളാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. കേസ് ഇ.ഡിയുടെ അന്വേഷണ പരിധിയിലേക്ക് വിജിലന്‍സ് മനപൂര്‍വ്വം എത്തിക്കുകയായിരുന്നു. അതും കോടതി റദ്ദാക്കിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ അപമാനിച്ച് അവരെ നിശബ്ദരാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഷാജിയെ വേട്ടയാടിയതു പോലെ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന എന്നെയും കെ.പി.സി.സി അധ്യക്ഷനെയും നിശബ്ദരാക്കുന്നതിന് വേണ്ടിയാണ് കള്ളക്കേസുകളെടുത്തിരിക്കുന്നത്. ഷാജിയുടെ കേസിലുണ്ടായതു പോലുള്ള പര്യവസാനമായിരിക്കും ഞങ്ങള്‍ക്കെതിരായ കേസുകളിലുമുണ്ടാകുക. ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ കൂടി അടുത്ത ദിവസങ്ങളില്‍ പുറത്ത് വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.