കൊച്ചി: വനിതാമതിലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അതാണ് പ്രതിപക്ഷം ഏറ്റുപിടിച്ചതെന്നുമുള്ള മൂഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. വനിതാ മതിലിനായി ബജറ്റിലെ തുക മതിലിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍നിന്ന് മനസിലാകുന്നതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
സര്‍ക്കാരിന്റെ നയപരിപാടിയുടെ ഭാഗമായതിനാല്‍ ഇടപെടുന്നില്ലെന്നും എന്നാല്‍ ബജറ്റില്‍ നിന്ന് എത്ര തുക ചെലവഴിച്ചുവെന്നു അറിയിക്കണമെന്നുമാണ് കോടതി ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബജറ്റിൽ മാറ്റി വച്ചിട്ടുണ്ടെന്നും വനിതാ മതിലും ഇത്തരം പ്രചാരണത്തിന്‍റെ ഭാഗമാണെന്നുമായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
വനിതാ മതിലിന് സര്‍ക്കാര്‍ സഹായമുണ്ടാകില്ലെന്നും സംഘാടനത്തിനുളള ചെലവ് ബന്ധപ്പെട്ട സംഘടനകള്‍ തന്നെ വഹിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. വനിതാ മതിലിനെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചതെന്നായിരുന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
വനിതാ മതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പത്രകുറിപ്പില്‍ പറയുന്നു. എന്നാല്‍ ഈ വാദമാണ് ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നതോടെ പൊളിയുന്നത്.
വനിതാ മതിലിനെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പ്രസക്തവും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കള്ളക്കളിയെ തുറന്ന് കാട്ടുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെ അതിക്രമം തടയാന്‍ ബജറ്റില്‍ നീക്കി വച്ച അമ്പത് കോടിയില്‍ നിന്നാണ് മതില്‍ പണിയുന്നതെന്നു സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലം സര്‍ക്കാരിന്റെ മുന്‍നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പണം മതിലിനായി ചിലവഴിക്കില്ലന്നാണ് മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമസംവിധാനങ്ങളുടെയും പൊലീസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെയും കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് വേണ്ടത്. അതിനായാണ് ഈ പണം ചിലവാക്കേണ്ടത്. അതിനുപകരം സ്ത്രീ സുരക്ഷക്കായി മതില്‍ പണിതാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാകുമെന്ന നിലപാട് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. ബഡ്ജറ്റില്‍ വകയിരുത്തിയ തുക ഇത്തരത്തില്‍ ധൂര്‍ത്തടിക്കുന്നത് കൊടിയ അഴിമതിയാണ്. മതിലിനായി ആളുകളെ എത്തിക്കുന്ന ചുമതല സി.പി.എം പാര്‍ട്ടി ഘടകങ്ങള്‍ക്കാണ്. അവര്‍ക്ക് തോന്നിയത് പോലെ സര്‍ക്കാര്‍ പണം ചിലവഴിക്കാന്‍ കൊടുക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വനിതാ മതില്‍ സര്‍ക്കാര്‍ ചിലവിലാണ് പണിയുന്നതെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ചതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ മുഴുവന്‍ സര്‍ക്കാര്‍ ശരിവച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ പ്രളയ ദുരിതാശ്വാസം ലഭിക്കാതെ കഷ്ടപ്പെടുമ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യവും അതീവ പ്രധാന്യമര്‍ഹിക്കുന്നതാണെന്നും രമേശ് ചെന്നി്ത്തല പറഞ്ഞു. പ്രതിപക്ഷം നിയസഭക്കകത്തും പുറത്തും ഇതേ ചോദ്യമാണ് ഉയര്‍ത്തിയത്. ഹൈക്കോടതിക്ക് സര്‍ക്കാരിനെ വിശ്വാസമില്ലാത്തത് കൊണ്ടാണ് വനിതാമതിലിന് ചിലവാകുന്ന തുകയുടെ കണക്ക് കോടതിയെ ബോധിപ്പിക്കണമെന്ന് നിര്‍ദേശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ടുള്ളതല്ല വനിത മതില്‍ എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ശബരിമലയിലെ യുവതി പ്രവേശനവും വനിതമതിലുമായി ബന്ധമുണ്ടെന്നാണ്. ശരിക്കും ഈ മതില്‍ എന്തിനാണെന്ന് സര്‍ക്കാരിന് പോലും വ്യക്തതയില്ലാത്ത അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.