കൊച്ചി: നിരന്തരം കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. ചിലവിനത്തില്‍ 1000 രൂപ അടക്കാനാണ് കോടതി വിധിച്ചത്. ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന കേസിലാണ് നടപടി.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയ്യേറ്റര്‍ സമുച്ചയം ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്നാണ് കേസ്. കേസ് അന്വേഷിച്ച വിജിലന്‍സ് ഡി സിനിമാസ് ഭൂമി കയ്യേറിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപിന് അനുകൂലമായാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് തള്ളിയ തൃശൂര്‍ വിജിലന്‍സ് കോടതി കേസില്‍ എത്രയും പെട്ടെന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫിന്റെ പരാതിയിലാണ് വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.