വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് കേരളാ ഹൈക്കോടതി സ്വമേധയാ എടുത്ത പൊതുതാൽപര്യ ഹർജിയിൽ ഉരുൾപൊട്ടലിൽ ഇരയായവരുടെ പ്രശ്നങ്ങളും പ്രദേശത്തെ പൊതുവായ പ്രശ്നങ്ങളിലും പരാതികളിൽ അമിക്കസ് ക്യൂറിക്ക് റിപ്പോർട്ട് നൽകാൻ ദുരന്തബാധിത പ്രദേശവാസികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. അത്തരം പ്രശ്നങ്ങളും നിർദ്ദേശങ്ങളും പ്രതിപാതിക്കുന്ന വിശദമായ സ്റ്റേറ്റ്മെൻറ് കോടതിയിൽ നൽകാൻ അമിക്കസ് ക്യൂറിക്ക് ഹൈക്കോടതി നിർദ്ദേശവും നൽകി.
ഉരുൾപൊട്ടലിൽ മാതാവുൾപ്പെടെ കുടുംബത്തിൽ 9 പേർ നഷ്ടപ്പെട്ട എ സായിർ, പൊതുപ്രവർത്തകനായ ഹംസ ടി, കാലാവസ്ഥാ വിഭഗ്ദ്ധനും വയനാട് സ്വദേശിയുമായ ബിബിൻ അഗസ്റ്റിൻ എന്നിവരും ദുരിതബാധിത പ്രദേശത്തെ പ്രശ്നങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ അഡ്വ മുഹമ്മദ് ഷാ മുഖാന്തിരം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം. സർക്കാരുകളും, അമിക്കസ് ക്യൂറിയും നൽകുന്ന എല്ലാ റിപ്പോർട്ടുകളുടെയും പകർപ്പ് ഹർജിക്കാരുടെ അഭിഭാഷകന് നൽകാനും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാംകുമാർ തുടങ്ങിയവർ അടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
.
നേരത്തെ ഇത് സംബന്ധിച്ച് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്ലീം ലീഗ് പാർട്ടി രൂപീകരിച്ച ലീഗൽ സെല്ലിൻ്റെ ചുമതലക്കാരനുമായ അഡ്വ മുഹമ്മദ് ഷാ, വയനാട്ടിൽ പഞ്ചായത്ത് അധികൃതർ, പരിസ്ഥിതി കാലാവസ്ഥ വിഭഗ്ദ്ധർ, ലീഗ് ജില്ലാ പ്രസിഡൻറ് കെ കെ അഹമ്മദ് ഹാജി, ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ്, വനിതാ ലീഗ് അഖിലേന്ത്യ സെക്രട്ടറി ജയന്തി രാജൻ, യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി മുഫീദാ തസ്നി, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മാഈൽ വയനാട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം പി നവാസ്, എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് റിൻഷാദ്, വൈറ്റ്ഗാർഡ് അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, ദുരിതബാധിത പ്രദേശവാസികൾ എന്നിവരുമായി ചർച്ചകൾ നടത്തിയിരുന്നു.
ഉരുൾപൊട്ടൽ സാധ്യത നേരത്തെ കണ്ടെത്തി അലെർട്ടുകൾ ശരിയായി നൽകുന്നതിനുള്ള റെയിൻ ഗേജുകൾ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ ആവശ്യത്തിന് വയനാട്ടിൽ ഇപ്പോഴും ഇല്ലെന്നും, കിലോമീറ്ററുകൾക്കപ്പുറമുള്ള റെയിൻഗേജിൻ്റെ അടിസ്ഥാനത്തിൽ ഉരുൾപൊട്ടൽ സാധ്യത കണക്കാക്കിയത് കൊണ്ടാണ് ദിവസങ്ങളോളം മുണ്ടക്കൈ ഭാഗത്ത് മഴയുണ്ടായിട്ടും അലെർട്ട് നൽകാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് സാധിക്കാതിരുന്നതെന്ന് കോടതിയെ അറിയിച്ചു. ഇത്തരം അപാകതകൾ സംബന്ധിച്ചും ദുരിത ബാധിതർക്ക് നൽകുന്ന കോമ്പൻസേഷൻ സംബന്ധിച്ചുമുള്ള തർക്കങ്ങൾ അടങ്ങുന്ന റിപ്പോർട്ട് അമിക്യസ് ക്യൂറിക്ക് നൽകുമെന്ന് വയനാട് ലീഗൽ സെല്ലിന് വേണ്ടി അഡ്വ മുഹമ്മദ് ഷാ അറിയിച്ചു.