ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ നടപടികള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍- എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണം. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റേതാണ് നിര്‍ദ്ദേശം.
ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കണമെന്നു ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പുള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത് കരാറുകാരാണെന്നു ദേശീയപാത അതോറിറ്റി കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കൂടാതെ അപകട മരണങ്ങള്‍ ഉണ്ടായാല്‍ മാത്രമേ നിങ്ങള്‍ക്ക് റോഡിലെ തകരാറുകള്‍ പരിഹരിക്കാനാവുകയുള്ളോയെന്നും കോടതി ആരാഞ്ഞു.
കൂടുതല്‍സമയം അനുവദിക്കില്ലെന്ന കര്‍ശനമായ മുന്നറിയിപ്പോടെയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവിട്ടത്. കുഴികള്‍ മരണകാരണമാണെന്നും എന്നാല്‍ അതില്‍ ഉത്തരവാദിത്തമില്ലെന്നും ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയില്‍ നിലപാടെടുത്തു. ഇതേ തുടര്‍ന്നു ആളുകളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി. എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നു ജില്ലാ കലക്ടര്‍മാരോട് കോടതി ആരാഞ്ഞു. അപകടം സംഭവിക്കാന്‍ കാത്തിരിക്കുകയാണോ നടപടിയെടുക്കാനെന്നും ഹൈക്കോടതി ചോദിച്ചു. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്രയും മോശമായ ദേശീയപാത കാണാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.