ചെന്നൈ: വളരെക്കാലം ‘ലിവിങ് ടുഗെതര്‍’ ആയി ജീവിച്ചതിന്റെ പേരില്‍ കുടുംബ കോടതിയില്‍ വിവാഹ തര്‍ക്കം ഉന്നയിക്കുന്നതിനുള്ള നിയമപരമായ അവകാശം നല്‍കാനാവില്ലെന്ന് മദ്രാസ് ഹൈകോടതി. നിയമാനുസൃതം വിവാഹം ചെയ്താല്‍ മാത്രമേ കുടുംബകോടതിയില്‍ ദാമ്പത്യ വ്യവഹാരങ്ങളുന്നയിക്കാന്‍ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.
വിവാഹമോചന നിയമത്തിലെ വകുപ്പ് 32 പ്രകാരം ദാമ്പത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനിയായ കലൈശെല്‍വി കുടുംബ കോടതിയെ സമീപിച്ചിരുന്നു. 2019 ഫെബ്രുവരി 14ന് കോടതി ഈ ഹരജി നിരാകരിച്ചു. ഇതിനെതിരെ കലൈശെല്‍വി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ജസ്റ്റിസുമാരായ എസ്.വൈദ്യനാഥന്‍, ആര്‍. വിജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കുടുംബ കോടതിയുടെ ഉത്തരവ് ഹൈകോടതി ശരിവെച്ചു. 2013 മുതല്‍ ജോസഫ് ബേബി എന്നയാളോടൊപ്പം ഒന്നിച്ചു ജീവിച്ചുവെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെടുകയായിരുന്നുവെന്നും സമ്പാദ്യത്തിന്റെ നല്ല പങ്ക് കൈപ്പറ്റിയശേഷമാണ് ഇയാള്‍ പോയതെന്നും കലൈശെല്‍വി ഹരജിയില്‍ ആരോപിച്ചിരുന്നു.