കൊച്ചി: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ സര്‍ക്കാരിനും മന്ത്രിക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഭൂമി കയ്യേറ്റത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയോ എന്ന് ഹൈക്കോടതി ചോദിച്ചു. തൃശൂര്‍ സ്വദേശിയുടെ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
സാധാരണക്കാരന്‍ ഭൂമി കയ്യേറിയാലും ഇതേ നടപടിയാണോ എന്നും പാവപ്പെട്ടവന്‍ ഭൂമി കയ്യേറിയാല്‍ ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് എന്താണെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. കേസില്‍ അന്വേഷണം തുടങ്ങിയോ, എന്ന ചോദ്യത്തിന് സര്‍ക്കാര്‍ അഭിഭാഷകന്‍ അന്വേഷണം നടക്കുകയാണെന്നും ഭാഗികമായ അന്വേഷണം മാത്രമാണ് ജില്ലാ കളക്ടര്‍ നടത്തിയെന്നും കോടതിയെ അറിയിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് പരാമര്‍ശം. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം അന്വേഷിക്കണം എന്നതാണ് ഹര്‍ജി.