കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സി.ബി.ഐയോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് കോടതി പറഞ്ഞു. കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും.
പൊലീസിനെതിരായ കേസുകള്‍ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന 2010- ലെ സുപ്രീം കോടതി വിധി മുന്‍ നിര്‍ത്തിയാണ് ഹൈക്കോടതി നിരീക്ഷണം. പൊലീസ് സ്വന്തം നിലക്ക് കേസന്വേഷണം നടത്തുന്നത് ശരിയായ രീതിയല്ല. അതിനാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാരിനും സി.ബി.ഐക്കും നോട്ടീസ് നല്‍കിയത്.
ശ്രീജിത്തിന്റെ കൊലപാതകത്തില്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും കേരള പൊലീസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നും ചൂണ്ടികാട്ടി ശ്രീജിത്തിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി.