കൊച്ചി: മൂന്നാറില്‍ ഇരുപതേക്കറില്‍ മന്ത്രി എം.എം മണി നടത്തിയ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്നും ചോദിച്ചു.
വിവാദ പ്രസംഗത്തില്‍ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് വിഷയത്തില്‍ കടുത്ത ചോദ്യങ്ങളുമായി കോടതി രംഗത്ത് വന്നത്. മണിക്കെതിരെ ഹര്ജിക്കാരന് പരാതി നല്‍കിയിട്ടുണ്ടോയെന്നു ആരാഞ്ഞ കോടതി, ഇതൊന്നും സംസ്ഥാനത്തെ പോലീസ് മേധാവി കാണുന്നില്ലെയെന്നും ചോദിച്ചു. കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മണിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളത്താണ് ഹര്‍ജി നല്‍കിയത്.
അതേസമയം, മണിയുടെ പ്രസംഗത്തെ സര്‍ക്കാര്‍ കോടതിയില്‍ ന്യായീകരിച്ചു. സ്ത്രീകള്‍ക്കെതിരെയല്ല മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് മണിയുടെ വിമര്‍ശനമെന്നും പ്രസംഗത്തിന്റെ ദൃശ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
ഇതോടെ കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. പ്രസംഗം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്തും പറയാമെന്നാണോ കരുതുന്നതെന്ന് സര്‍ക്കാരിനോട് ചോദിച്ചു. മാധ്യമപ്രവര്‍ത്തകരും മനുഷ്യരാണ്, അവര്‍ക്കും പൗരാവകാശങ്ങളുണ്ട് കോടതി പറഞ്ഞു.