കൊച്ചി: ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിന്റെ മറവിലുണ്ടായ സംഘര്‍ഷങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താല്‍ ഗുരുതര പ്രശ്‌നമാണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നുവെന്നത് വിശ്വാസിക്കാന്‍ കഴിയാത്ത കാര്യമാണെന്നും കോടതി പറഞ്ഞു. ഹര്‍ത്താലുകള്‍ ഉണ്ടാകുമ്പോള്‍ കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ക്ക് വേണ്ടി ബിജു രമേശും മറ്റൊരാളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഹര്‍ത്താലുകള്‍ ഗുരുതര പ്രശ്‌നമാണ്. സംസ്ഥാനത്തിന് കോടികളുടെ നഷ്ടമാണ് ഹര്‍ത്താല്‍ മൂലം ഉണ്ടാകുന്നത്. സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും ഒരു കാര്യവുമില്ല. ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറിയിരിക്കുകയാണ്. ഹര്‍ത്താലുകള്‍ ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണ്. ഹര്‍ത്താലുകള്‍ക്കെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന അക്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു.
ഹര്‍ത്താല്‍ ദിവസം തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. നാളെയും മറ്റന്നാളും തൊഴിലാളി സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലില്‍ കടകള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഹര്‍ത്താല്‍ ദിവസം അക്രമങ്ങള്‍ തടയാന്‍ എന്തൊക്കെ നടപടികള്‍ എടുത്തുവെന്ന് ഉച്ചക്ക് ശേഷം അറിയിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.