കൊച്ചി: ശബരിമല സ്ത്രീപ്രവേശനകാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി. സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന റിവ്യൂ ഹര്‍ജിയില്‍ തീരുമാനമാകുംവരെ സംസ്ഥാന സര്‍ക്കാരിന് നോക്കി നില്‍ക്കാനാകില്ല. ക്രമസമാധാന പ്രശ്‌നങ്ങളോ രക്തച്ചൊരിച്ചിലോ ഉണ്ടായാല്‍ ഇടപെടുന്നതിനാണ് രാജ്യത്ത് നിയമങ്ങളുളളത്. സുപ്രീം കോടതി വിധി ആയതിനാല്‍ത്തന്നെ ഉത്തരവ് നടപ്പാക്കുന്നത് തടയാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് ഹൈക്കോടതി ശക്തമായ നിലപാടെടുത്തതോടെ സ്വകാര്യ ഹര്‍ജി പിന്‍വലിച്ചു.