കൊച്ചി: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൗലികാവകാശമാണ്. മൊബൈല്‍ ഫോണ്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറി. വിവരങ്ങള്‍ കൈമാറുന്നതിനെ തടയാനാവില്ല. പെണ്‍കുട്ടികളോട് വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.
കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ബി.എ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി ഫഹീമാ ഷിറിന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധിച്ചതിന് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയെന്നായിരുന്നു വിദ്യാര്‍ഥിയുടെ പരാതി.
ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഇല്ലാത്ത നിയന്ത്രണങ്ങളാണ് പെണ്‍കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ലിംഗ വിവേചനമാണ്. പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുടെ പേരില്‍ വിവേചനപരമായ നിയന്ത്രങ്ങള്‍ കൊണ്ടുവരരുതെന്ന് യു.ജി.സി സര്‍ക്കുലര്‍ നിലവിലുണ്ട്. മൊബൈല്‍ ഫോണ്‍ നിരോധനവും ഇതിലൂടെയുള്ള ഇന്റര്‍നെറ്റ് നിയന്ത്രണവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. വിവരങ്ങള്‍ ശേഖരിക്കാനും പ്രകടിപ്പിക്കാനും വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ് ഇന്റര്‍നെറ്റ്. ഭരണഘടനാ വിരുദ്ധമായതിനാല്‍ കോളജ് അധികൃതരുടെ നടപടി പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.