കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കുറ്റസമ്മത മൊഴിയല്ല ശക്തമായ തെളിവുകളാണ് വേണ്ടതെന്ന് ഹൈക്കോടതി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്നും ഹൈക്കോടതി പറഞ്ഞു.
കേസില്‍ ഇതുവരെയുള്ള അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസായതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ശക്തമായ തെളിവുകള്‍ വേണം. അറസ്റ്റിന് പ്രതിയുടെ കുറ്റസമ്മതമൊഴി മാത്രം മതിയാകില്ല. അറസ്റ്റിനല്ല ശിക്ഷ വാങ്ങിച്ചുകൊടുക്കുന്നതിനാണ് കോടതിയുടെ മുന്‍ഗണന. ഹര്‍ജിക്കാര്‍ക്ക് കേസന്വേഷണം സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു.
കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞിരുന്നു. അടുത്ത ബുധനാഴ്ച്ചക്ക് മുന്‍പായി കേരളത്തിലെത്തുമെന്നും ചോദ്യം ചെയ്യലിനായി അന്വേഷണസംഘം മുമ്പാകെ ബുധനാഴ്ച ഹാജരാകുമെന്നും ജലന്ധര്‍ ബിഷപ്പ് അറിയിച്ചു.
കന്യാസ്ത്രീയുടെ പരാതിയില്‍ 19ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ജലന്ധര്‍ ബിഷപ്പിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് ഐ.ജി വിജയ് സാഖറെ ഇന്നലെ അറിയിച്ചിരുന്നു.
ബിഷപ്പിനെതിരായ കേസില്‍ മൊഴികളില്‍ ഒട്ടറെ വൈരുദ്ധ്യമുണ്ട്. പരാതിക്കാരിയുടെയും ബിഷപ്പിന്റെയും സാക്ഷികളുടെയും മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിച്ചു മുന്നോട്ടുപോയില്ലെങ്കില്‍ കോടതിയില്‍ തിരിച്ചടിയുണ്ടാവും. കേസ് സംബന്ധിച്ച അവലോകന യോഗത്തിനു ശേഷം ഐ.ജി മാധ്യമങ്ങളോടു പറഞ്ഞു.