X

ഹൈക്കമാന്‍ഡ് തീരുമാനം ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍

 

കോട്ടയം: യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും അതിലൂടെ അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് പരമാവധി നേട്ടമുണ്ടാക്കുകയും ചെയ്യുക എന്നലക്ഷ്യത്തോടെ കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ നീക്കങ്ങള്‍ ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍. കാര്യമായ സ്വാധീനം ഇല്ലാത്ത ജനതാദള്‍ (യു) പൊലും മുന്നണി വിട്ടത് അതീവ ഗൗരവത്തോടെയാണ് ഹൈക്കമാന്‍ഡ് കണ്ടത്. ഇക്കാര്യത്തില്‍ തങ്ങളുടെ അതൃപ്തി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് അറിയിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫ് രൂപീകരണം മുതല്‍ ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിനെ എന്തുവിലകൊടുത്തും മുന്നണിയില്‍ തിരികെ കൊണ്ടുവരണമെന്ന് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചെറുകക്ഷികളുമായി പോലും നീക്കുപോക്കുണ്ടാക്കി അധികാരം പിടിച്ചെടുക്കുന്ന ബി.ജെ.പി തന്ത്രം കോണ്‍ഗ്രസ് കര്‍ണ്ണാടകയില്‍ പരീക്ഷിച്ച് വിജയിച്ചതോടെ പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്ക് വേഗത കൂടി. അവിടെ ചെറിയ കക്ഷിയായ ജനതാദളിന് (എസ്)മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുനല്‍കുകയും അതിലൂടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന സന്ദേശം നല്‍കുകയും ചെയ്തു. ബി.ജെ.പിയുടെ കുതന്ത്രങ്ങളെ അതിജീവിച്ച് കര്‍ണ്ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിനെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ തേതര ജനാധിപത്യ ശക്തികള്‍ക്കും ഒരുപോലെ ആവേശം പകര്‍ന്നിരുന്നു.
ഇതിനിടെയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞടുപ്പുഫലം. പ്രതിപക്ഷ കൂട്ടായ്മയ്ക്കുമുന്നില്‍ ബി.ജെ.പിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നു തെളിയിക്കുന്നതായിരുന്നു തെരഞ്ഞടുപ്പുഫലം. എന്നാല്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന കേരളത്തില്‍ ചെങ്ങന്നൂര്‍ നി യമസഭ ഉപതെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായി. ഇതോടെ കേരളത്തില്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് ഹൈക്കമാന്‍ഡിന് ബോധ്യമായി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം യു.ഡി.എഫിനെയും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തുകയും അതിനുള്ള നീക്കങ്ങള്‍ക്ക് വേഗതകൂട്ടുകയും ചെയ്തു.
കര്‍ണ്ണാടക തെരഞ്ഞെടുപ്പുഫലം വിശകലത്തില്‍ കേരളത്തില്‍ വരാനിരിക്കുന്ന അപകടം കൂടി മുന്നില്‍ കണ്ടതോടെ പാര്‍ട്ടിയെ ആഴത്തില്‍ ചിന്തിപ്പിച്ചു. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കുക എന്ന തന്ത്രമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വീകരിച്ചത്. തങ്ങള്‍ മൂന്നാം സ്ഥാനത്തുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പി ജനതാദളിന് വോട്ടുമറിച്ചു. ഇതിലൂടെ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറക്കാന്‍ ബി.ജെ.പിക്കായി. അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും ബി.ജെ.പി ഈതന്ത്രമാകും പ്രയോഗിക്കുക. കേരളത്തില്‍ 20 ലോക്‌സഭാ സീറ്റുകളില്‍ തിരുവനന്തപുരത്ത് മാത്രമാണ് ബി.ജെ.പി രണ്ടാംസ്ഥാനത്ത് ബാക്കി 19 ഇടങ്ങളിലും പാര്‍ട്ടിക്ക് പ്രതീക്ഷയില്ല. എന്നാല്‍ മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട ഉള്‍പ്പെടെ ഒരുലക്ഷത്തിലധികം വോട്ടുകള്‍ ഉള്ള മണ്ഡലങ്ങള്‍ ബി.ജെ.പിക്കുണ്ട്. പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി എം.ടി രമേശ് 2014-ല്‍ 138954 വോട്ടുകളാണ് നേടിയത്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പരമാവധി കുറക്കുക എന്നതന്ത്രത്തിന്റെ ഭാഗമായി ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷസ്വാനാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമീപനമാകും സ്വീകരിക്കുക. ഇതിന് പ്രത്യുപകാരമായി എല്‍.ഡി.എഫ് തിരുവനന്തപുരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തയ്യാറായേക്കും. ബി.ജെ.പിയുടെ വലിയൊരുവിഭാഗം കേഡര്‍ വോട്ടുകള്‍ ഓരോമണ്ഡലത്തിലും മറിച്ചുചെയ്താല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ചിത്രംതന്നെ മാറാം. ഇതുമുന്‍കൂട്ടികണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതിന് യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും കോണ്‍ഗ്രസിനെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കുകയും വേണം. അതിനുള്ള ആദ്യ നടപടിയെന്ന നിലയിലാണ് ഹൈക്കമാന്‍ഡ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കടുപിടുത്തത്തിന് മുതിരാതെ കേരളാ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്ത് മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സഹായകമായ നിലപാട് സ്വീകരിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായേക്കും.

chandrika: