X
    Categories: indiaNews

മണിപ്പൂരില്‍ കനത്ത ജാഗ്രത; കര്‍ഫ്യൂ തുടരുന്നു; കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

വീണ്ടും സംഘഷമുണ്ടായ മണിപ്പൂരില്‍ കനത്ത ജാഗ്രത തുടരുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപുര്‍,ഇംഫാല്‍ ഈസറ്റ്,ഇംഫാല്‍ വെസ്റ്റ്, ജിരിബാം ജില്ലകളില്‍ കര്‍ഫ്യൂ തുടരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനവില്ലെന്ന് സര്‍്ക്കാര്‍ അറിയിച്ചു.

അതേസമയം വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. ഭക്ഷ്യ വസ്തുക്കള്‍ക്ക് അടക്കം ഇരട്ടിവില നല്‍കേണ്ട അവസ്ഥയാണ്. എല്‍.പി.ജി സിലിണ്ടറുകള്‍, പെട്രോള്‍ എന്നിവയ്ക്ക് പുറമെ അരി, ഉരുളക്കിഴങ്ങ്, ഉള്ളി, മുട്ട തുടങ്ങിയ ഇനങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് വില്‍ക്കുന്നത്.

എല്‍.പി.ജി സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ 1800 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കണമെങ്കില്‍ 170 രൂപ നല്‍കണം. നേരത്തെ സൂപ്പര്‍ഫൈന്‍ അരി ഒരു ചാക്കിന് 900 രൂപയായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് 1,800 രൂപയായി ഉയര്‍ന്നു. ഉരുളക്കിഴങ്ങിനും ഉള്ളിക്കും 20 മുതല്‍ 30 രൂപ വരെ വില വര്‍ധിച്ചു. പുറത്തുനിന്നു വരുന്ന എല്ലാ അവശ്യസാധനങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നു- ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക മംഗ്‌ലെംബി ചാനം പറഞ്ഞു. മുട്ടയുടെ വിലയും വര്‍ധിച്ചു, 30 മുട്ടകള്‍ അടങ്ങിയ ഒരു പെട്ടിക്ക് സാധാരണ 180 രൂപയ്ക്ക് പകരം 300 രൂപയാണ് വില. ‘അവശ്യവസ്തുക്കളുമായി പോകുന്ന ട്രക്കുകള്‍ക്ക് സുരക്ഷാ സേനയുടെ അകമ്പടി നല്‍കുന്നുണ്ട്. ഇതില്ലായിരുന്നെങ്കില്‍ വില ഇനിയും കൂടുമായിരുന്നു. സുരക്ഷാ സേന വരുന്നതിന് മുമ്പ് ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 100 രൂപയാണ് ന്ല്‍കിയത്’- ചനം പറഞ്ഞു. കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇംഫാല്‍ താഴ്‌വരയിലേക്കുള്ള ട്രക്ക് ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ സ്‌റ്റോക്ക് കുറഞ്ഞു.

എന്‍.എച്ച് 37ലെ ട്രക്കുകളുടെ നീക്കം മെയ് 15ന് ആരംഭിച്ചതായും സാധാരണ നില പുനഃസ്ഥാപിക്കാന്‍ സുരക്ഷാ സേന പ്രതിജ്ഞാബദ്ധരാണെന്നും പ്രതിരോധ വക്താവ് പറഞ്ഞു. അക്രമം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം 18 ഭക്ഷ്യവസ്തുക്കളുടെ പുതുക്കിയ മൊത്ത, ചില്ലറ വിലകളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടെന്നും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ആയിട്ടില്ല. സംഘര്‍ഷം ബാധിക്കാത്ത മേഖലകളില്‍ പോലും വില കുത്തനെ ഉയരുകയാണ്. ‘ഞങ്ങളുടെ ജില്ലയില്‍ അക്രമങ്ങളൊന്നും നടന്നിട്ടില്ല. എങ്കിലും അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്- തമെങ്‌ലോംഗ് ജില്ലാ ആസ്ഥാനത്ത് പലചരക്ക് കടയും ഭക്ഷണശാലയും നടത്തുന്ന 41 കാരിയായ റെബേക്ക ഗാംഗ്‌മേ പറഞ്ഞു. വംശീയ സംഘര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 70ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു. സമാധാനം പുനഃസ്ഥാപിക്കാന്‍ 10,000 സൈനികരെയും അര്‍ദ്ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

webdesk11: