X
    Categories: indiaNews

അമ്മയുടെ കൊലപ്പെടുത്തിയ കാര്യം മറച്ചുവെച്ചു; ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച് മകന്‍

ഉത്തര്‍പ്രദേശില്‍ അമ്മയെ കൊലപ്പെടുത്തിയ കാര്യം മറച്ചുവെച്ച് ഒടുവില്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച് മകന്‍. അമ്മ അബദ്ധത്തില്‍ വീടിന് മുകളില്‍ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു മകന്‍ അച്ഛനോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.

ഡിസംബര്‍ മൂന്നിനാണ് ആരതി വര്‍മയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ വീടിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുന്നത്. ആരതിയുടെ ഭര്‍ത്താവ് രാം മിലന്‍ ചെന്നൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ അസിസ്റ്റന്റ് സയന്റിസ്റ്റാണ്. ആരതി മരിച്ച് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് മരണത്തെക്കുറിച്ചറിയുന്നത്.

യുവതിയെ വിളിച്ച് കിട്ടാതായതോടെ ഇദ്ദേഹം ഭാര്യാ സഹോദരിയോട് വീട്ടില്‍ ചെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട് പൂട്ടിക്കിടക്കുന്ന വിവരം രാം മിലനെ അറിയിച്ചതിനെ തുടര്‍ന്ന് പിറ്റേ ദിവസം രാം മിലനെത്തി നോക്കിയപ്പോഴാണ് ടെറസ്സില്‍ നിന്ന് വീണ നിലയില്‍ ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് മകനെ ക്ഷേത്രത്തിന് അടുത്ത് വെച്ച് കണ്ടെത്തി. അമ്മ മരിച്ച് കിടക്കുന്നത് കണ്ട് ഭയന്ന് പോയതാണെന്ന് മകന്‍ അച്ചനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ മകന്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു.

ഡിസംബര്‍ 3ന് രാവിലെ സ്‌കൂളില്‍ പോകാന്‍ അമ്മ ആവശ്യപ്പെട്ടെന്നും വിസമ്മതിച്ചപ്പോള്‍ പണത്തെ ചൊല്ലി തര്‍ക്കമുണ്ടായെന്നും മകന്‍ പറഞ്ഞു. തര്‍ക്കത്തിനിടയില്‍ അമ്മയെ തള്ളിയിട്ടതാണെന്നും മകന്‍ പൊലീസിന് മൊഴി നല്‍കി.

സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

webdesk17: