എം. കൃഷ്ണകുമാര്‍
പൊതു സമൂഹത്തിനും ഭരണ വ്യവസ്ഥയ്ക്കും ഇടയിലുള്ള ചാലക ശക്തിയാണ് ജനാധിപത്യ വ്യവസ്ഥയില്‍ സിവില്‍ സര്‍വീസ്. സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിന്റെ അടിസ്ഥാനമാകാനും ദാരിദ്ര്യ ലഘൂകരണം, വിദ്യാഭ്യാസ നിലവാരമുയര്‍ത്തല്‍, ആരോഗ്യ സേവനത്തുറകളുടെ വികസനം തുടങ്ങിയ മേഖലകളില്‍ ജനപക്ഷത്തിലൂന്നിയുള്ള സക്രിയവും സര്‍ഗാത്മകവുമായ ഇടപെടലുകള്‍ സിവില്‍ സര്‍വീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. വ്യക്തിനിഷ്ഠ സമീപനങ്ങളില്‍നിന്നും വസ്തുനിഷ്ഠവും സാമൂഹ്യ നീതിയും നിലനിര്‍ത്തുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്കനുസൃതമാവണം ഓരോ സര്‍ക്കാര്‍ ജീവനക്കാരനും പൊതു സമൂഹവുമായി ഇടപെടേണ്ടത്. സാധാരണക്കാരനെ ‘disempowered’ ആകാതിരിക്കാനുള്ള ജാഗ്രതയേറിയ ഇടപെടലുകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പക്ഷത്തുനിന്നുണ്ടാകണം. ഓരോ ജീവനക്കാരനും തന്റെ തൊഴില്‍പരമായ കടമകള്‍ കൃത്യമായും കാര്യക്ഷമമായും സത്യസന്ധമായും നിര്‍വഹിക്കാന്‍ കടപ്പെട്ടവരാണ്. പരസ്പര ബഹുമാനത്തോടെ സമന്മാര്‍ തമ്മില്‍ ഇടപെടുന്ന രീതിയാണ് ജനാധിപത്യത്തില്‍ വിവക്ഷിക്കപ്പെടുന്നത്. എന്നാല്‍ ‘സാര്‍’ എന്ന ആംഗലേയ സംജ്ഞ എത്രമാത്രം മേലാള കീഴാളത്തം പ്രകടമാക്കുന്നതിന് നമ്മുടെ സര്‍ക്കാര്‍ ഓഫീസുകള്‍ ദിവസേന സാക്ഷിയാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
2018 മാര്‍ച്ച് 28 നു ലഭിച്ച എല്‍.ഡി.സി ഒഴിവ് റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന മാര്‍ച്ച് 31 ന് രാത്രി 12 മണിക്കുശേഷം പി.എസ്. സിയില്‍ റിപ്പോര്‍ട്ട് ചെയ്ത് കൊല്ലം ചവറ സ്വദേശിനിയായ ഉദ്യോഗാര്‍ത്ഥിയുടെ അര്‍ഹമായ ജോലി നഷ്ടമാക്കിയ നഗര കാര്യ ഡയറക്ടര്‍ ഓഫീസിലെ ജീവനക്കാരന്റെ നിരുത്തരവാദപരമായ സമീപനം ഈയിടെ ചര്‍ച്ചയായതാണ്. ഓരോ വകുപ്പിലും തൊട്ടടുത്ത വര്‍ഷമുണ്ടായേക്കാവുന്ന ഒഴിവുകള്‍ കണക്കാക്കി എല്ലാവര്‍ഷവും ജൂണ്‍ ഒന്നിനകം നിയമനാധികാരി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിന്റെ 1971 മുതല്‍ക്കുള്ള വ്യവസ്ഥ.
എന്നാല്‍ സമയബന്ധിതമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട നടപടികള്‍ വകുപ്പു മേധാവികള്‍ കൃത്യമായി പാലിക്കാത്തതിനാല്‍ അര്‍ഹരായ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നിഷേധിക്കപ്പെടുകയോ ജോലി ലഭിക്കുന്നതില്‍ കാലതാമസം നേരിടുകയോ ചെയ്യുന്നുണ്ട് എന്നതാണ് വസ്തുത. ഉദ്യോഗാര്‍ത്ഥികള്‍ വകുപ്പു മേധാവികളുടെ കാര്യാലയങ്ങളില്‍ കയറിയിറങ്ങി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യിക്കുന്നതായാണ് കണ്ടുവരുന്നത്, ചവറ സ്വദേശിയനായ ഉദ്യോഗാര്‍ത്ഥിയും റാങ്ക് പട്ടികയിലെ മറ്റു ചിലരും എറണാകുളത്തെ വിവിധ ഓഫീസുകള്‍ കയറിയിറങ്ങി കണ്ടെത്തിയതായിരുന്നു പ്രസ്തുത ഒഴിവുകള്‍. ആ ഒഴിവുകള്‍ മാര്‍ച്ച് 28ന് തന്നെ തിരുവനന്തപുരത്തെ നഗരകാര്യ ഡയറക്ടറുടെ കാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യിപ്പിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് അന്നു തന്നെ ഒഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ, റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് 31 ന് രാവിലേ തന്നെ ഉദ്യോഗസ്ഥനെ ഇക്കാര്യം ഓര്‍മപ്പെടുത്തിയെങ്കിലും ബന്ധപ്പെട്ട ജീവനക്കാരന്‍ മെയില്‍ തയ്യാറാക്കിയ ശേഷം രാത്രി 12 മണിക്ക് സെര്‍വറില്‍നിന്നും അയക്കുന്നവിധം സെറ്റ് ചെയ്തു വച്ചതാണെന്നും സംശയിക്കപ്പെടുന്നു. അത് പി.എസ്.സിയുടെ സെര്‍വറിലെത്താന്‍ നാലു സെക്കന്റ് സമയമെടുത്തു. സാങ്കേതികമായി റാങ്ക് പട്ടിക റദ്ദാവുകയും ആ ഒഴിവ് പുതിയ റാങ്ക് പട്ടികയ്ക്കായി മാറ്റുകയുമുണ്ടായി. നികുതിപ്പണത്തില്‍നിന്നും ഒന്നാം തീയതി കൃത്യമായി തന്റെ അക്കൗണ്ടില്‍ വരുന്ന വേതനത്തെയെങ്കിലും ഈ ഉദ്യോഗസ്ഥന്‍ ഓര്‍ത്തിരുന്നെങ്കില്‍.!
ഇതൊരൊറ്റപ്പെട്ട സംഭവമല്ല. തങ്ങളുടെ മുന്നില്‍ നിസ്സഹായരായി നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ഉദ്യോഗസ്ഥര്‍ സിവില്‍ സര്‍വീസിന്റെ ശാപമാണ്. ഇവേക്കന്‍സി സോഫ്റ്റ്‌വെയര്‍ മുഖേന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വകുപ്പു മേധാവികളുടെ താല്‍പര്യക്കുറവ് ഇക്കാര്യത്തില്‍ പ്രകടമാണ്. നിയമനം നല്‍കുമ്പോള്‍ത്തന്നെ വിരമിക്കുന്ന തീയതി കൂടി രേഖപ്പെടുത്തുന്ന സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി ഒഴിവുകള്‍ കൃത്യമായി പി.എസ്.സിയെ അറിയിക്കുന്ന നൂതന സംവിധാനം വരുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉദ്യോഗാര്‍ത്ഥികളോടുള്ള മനോഭാവം മാറിയില്ലെങ്കില്‍ എന്തു പരിഷ്‌കാരം നടപ്പിലാക്കാന്‍ ശ്രമിച്ചാലും അത് ഫലപ്രദമാകില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തീരുമാനം എടുത്ത രീതിയും അതടിസ്ഥാനമാക്കിയ വസ്തുതകളും രേഖകളും കണ്ടു ബോധ്യപ്പെടാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥയില്‍ പൗരനുണ്ട് എന്ന കാര്യം ജീവനക്കാര്‍ മറന്നു കൂടാ. വിവരാവകാശവും സേവനാവകാശവും നിലവിലുള്ള സാഹചര്യത്തില്‍ പൊതു സമൂഹത്തിന്റെ അംഗീകാരം ഉദ്ബുദ്ധമായ സ്വാര്‍ഥത (enlightened se-lf interest) ആയി സര്‍ക്കാര്‍ ജീവനക്കാരന്‍ കരുതണം.