ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. സംഭവത്തിൽ ബിടെക് അവസാന വർഷ വിദ്യാർത്ഥിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണൻ ജില്ലയിലെ ഗുഡ്‌ലവല്ലേരു എഞ്ചിനീയറിംഗ് കോളജിലാണ് സംഭവം. വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്തെന്നാണ് റിപ്പോർട്ട്. പണം നൽകി പല വിദ്യാർത്ഥികളും വിജയിൽ നിന്ന് ഈ വിഡിയോകൾ വാങ്ങിയെന്നും ആരോപണം.
സംഭവത്തില്‍ ഇന്നലെ രാത്രി എഴ് മണിക്ക് ക്യാമ്പസില്‍ തുടങ്ങിയ പ്രതിഷേധം ഇന്ന് രാവിലെ വരെ തുടര്‍ന്നു. ശുചിമുറി ഉപയോഗിക്കുന്നതിലുള്ള ആശങ്കയും ഭയവും പ്രകടിപ്പിച്ചായിരുന്നു പ്രതിഷേധം. ശുചിമുറിയില്‍ നിന്നുമുള്ള ഏകദേശം 300 ഫോട്ടോകളും വീഡിയോകളും പ്രചരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ വീഡിയോകള്‍ വിജയിയില്‍ നിന്ന് ചില വിദ്യാര്‍ത്ഥികള്‍ വാങ്ങിയിട്ടുമുണ്ട്. ക്യാമറ സ്ഥാപിച്ചതിന് പിന്നിലും വീഡിയോകള്‍ വിതരണം ചെയ്യുന്നതിന് പിന്നിലും കൂടുതല്‍ പേരുണ്ടോയെന്നുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ശുചി മുറിയിൽ ഒളിക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ദൃശ്യം രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ശുചിമുറിയിലെ ഒളിക്യാമറ വിദ്യാർത്ഥിനികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പ്രതിയെ കണ്ടെത്തണമെന്ന ആവശ്യവുമായി വൈകുന്നേരം 7 മണിക്ക് ആരംഭിച്ച വിദ്യാർത്ഥിനികളുടെ പ്രതിഷേധം ഇന്ന് രാവിലെ വരെ നീണ്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.