ഗസ്സയിലും ലബനാനിലും ഇസ്രാഈല്‍ നടത്തുന്ന കൂട്ടക്കൊലക്കിടെ ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തില്‍ വടക്കന്‍ ഇസ്രാഈലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇസ്രാഈലിന്റെ തന്ത്രപ്രധാന തുറമുഖമായ ഹൈഫയിലടക്കം ഡസന്‍ കണക്കിന് റോക്കറ്റുകള്‍ പതിച്ചതായി ടൈംസ് ഓഫ് ഇസ്രാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈഫയില്‍ റോക്കറ്റ് വര്‍ഷത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. ഇസ്രാഈല്‍ അതിര്‍ത്തി പട്ടണമായ കിര്യത് ശമോനയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ദമ്പതികളായ റിവിറ്റല്‍ യെഹൂദ് (45), ദ്വിര്‍ ഷര്‍വിത് (43) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് കിര്യത് ശമോനയില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുല്ല ഏറ്റെടുത്തു. ലബനാനില്‍ നിന്ന് കിര്യത് ഷിമോന പ്രദേശത്തേക്ക് മാത്രം 20 ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഹൈഫയിലേക്ക് 40 റോക്കറ്റുകളെങ്കിലും അയച്ചതായും ഗലീലിയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും റോക്കറ്റാക്രമണം നടന്നതായും സൈന്യം സ്ഥിരീകരിച്ചു. ഹൈഫ പ്രാന്തപ്രദേശമായ കിര്യത് ബിയാലിക്കില്‍ റോക്കറ്റ് പതിച്ച് വൈദ്യുതി തടസ്സപ്പെട്ടു. മേഖലയില്‍ പരക്കെ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയിരുന്നു.
ലബനാന് െേനര ഇസ്രാഈല്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്കിടെ മാരകമായ തിരിച്ചടി നേരിട്ട ദിവസമാണ് ഇന്നലെയെന്ന് ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഹിസ്ബുല്ല ആക്രമണത്തില്‍ മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ 3 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു.
കഴിഞ്ഞ ദിവസം, ഹൈഫയുടെ തെക്ക് കാര്‍മല്‍ മേഖലയിലേക്ക് ഹിസ്ബുല്ല അയച്ച രണ്ട് മിസൈലുകള്‍ പ്രതിരോധിച്ചതായി ഇസ്രാഈല്‍ അവകാശപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 23ന് ലബനാന് നേരെ ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചശേഷം ഹിസ്ബുല്ല 3,000 റോക്കറ്റുകള്‍ വിക്ഷേപിച്ചതായാണ് ഐ.ഡി.എഫ് പറയുന്നത്. ഹിസ്ബുല്ല ആക്രമണം ഭയന്ന് 2023 ഒക്‌ടോബര്‍ മുതല്‍ 60,000 ഇസ്രാഈലി പൗരന്മാരെ മേഖലയില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അതിനിടെ, ദക്ഷിണ ലബനാനില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ് ഇസ്രാഈല്‍. ചൊവ്വാഴ്ച ഒരു ഡിവിഷന്‍ സൈന്യത്തെകൂടി ഇവിടെ വിന്യസിച്ചു. വ്യാപക വ്യോമാക്രമണത്തിനൊപ്പമാണ് അധികമായി കരസേനയെ അയച്ചത്. സിറിയന്‍ തലസ്ഥാന നഗരമായ ഡമസ്‌കസിലെ ഇറാന്‍ എംബസിക്ക് സമീപത്തും ഇസ്രാഈല്‍ വ്യോമാക്രമണം നടത്തി. ലബനാനില്‍ ഇതിനകം 2100 ലേറെ പേര്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വടക്കന്‍ ഗസ്സയില്‍ കൂട്ട കുടിയൊഴിപ്പിക്കല്‍ നാലുലക്ഷം പേരെ പുതുതായി അഭയാര്‍ഥികളാക്കിയതിന് പിറകെ ഗസ്സയിലെ കുരുതിയുടെ കണക്ക് 42,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 45 പേര്‍കൂടി കൊല്ലപ്പെട്ടതോടെ സ്ഥിരീകരിച്ച മരണസംഖ്യ 42,010 ആയി. 97,720 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാണാതായ 10,000ലേറെ പേരില്‍ ഏറെയും കെട്ടിടാവശിഷ്ടങ്ങളില്‍ വീണ്ടെടുക്കാനാവാത്ത വിധം ജീവന്‍ പൊലിഞ്ഞവരാണ്.
ഗസ്സയിലുടനീളം കനത്ത ബോംബിങ്ങിനൊപ്പം വടക്കന്‍ ഗസ്സയില്‍ കരസേന നീക്കവും തുടരുകയാണ്. ലബനാനില്‍ ആക്രമണം വ്യാപിപ്പിക്കുന്നതിനെതിരെ യു.എസും യു.എന്നും കടുത്ത മുന്നറിയിപ്പ് നല്‍കിയത് അവഗണിച്ചാണ് വീണ്ടും സൈനികരെ കൂട്ടമായി എത്തിച്ചത്. ഇസ്രാഈലിന്റെ വടക്കന്‍ അതിര്‍ത്തി വഴി നിരവധി ലബനാന്‍ ഗ്രാമങ്ങളില്‍ ഇസ്രാഈല്‍ സൈന്യം കടന്നുകയറിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇവിടങ്ങളില്‍ വ്യാപക കുടിയൊഴിപ്പിക്കലും തുടരുകയാണ്.
ഡമസ്‌കസിലെ മെസ്സീഹില്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ താമസിച്ചതെന്ന് കരുതുന്ന കെട്ടിടങ്ങളിലാണ് മൂന്ന് ഇസ്രായേല്‍ മിസൈലുകള്‍ പതിച്ചത്. ഗോലാന്‍ കുന്നുകളില്‍നിന്നായിരുന്നു മിസൈല്‍ വര്‍ഷം. സ്ത്രീകളും കുട്ടികളുമടക്കം ഏഴുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ സ്വന്തം പൗരന്മാരില്ലെന്ന് ഇറാന്‍ അറിയിച്ചു. അതിനിടെ, വടക്കന്‍ ഇസ്രാഈലിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം തുടരുകയാണ്.