X
    Categories: NewsWorld

ഇസ്രാഈല്‍ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് ഹിസ്ബുല്ല

ലബനാനില്‍ ആക്രമണം ശക്തമായി തുടര്‍ന്ന് ഇസ്രാഈല്‍. തലസ്ഥാനമായ ബെയ്റൂത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയും കൊല്ലപ്പെട്ടു. ഇക്കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

ഹാജ് അബൂ മൂസ എന്നറിയപ്പെടുന്ന ഖുബൈസിയാണ് ഹിസ്ബുല്ലയുടെ മിസൈല്‍ റോക്കറ്റ് യൂനിറ്റുകളെ നയിച്ചിരുന്നതെന്നാണ് ഇസ്രാഈല്‍ പറയുന്നത്. മൂന്ന് സൈനികരുടെ മരണത്തിനിടയാക്കിയ 2000ത്തോളം ആക്രമണത്തിന്റെ ആസൂത്രകന്‍ ഖുബൈസി ആയിരുന്നുവെന്നും ഇസ്രാഈല്‍ പറയുന്നു.

ഇസ്രാഈലില്‍ ആക്രമണത്തില്‍ ലബനാനില്‍ ഇതുവരെ 569 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലബനാനിലേക്കും ഇസ്രാഈലിലേക്കുമുള്ള സര്‍വീസുകള്‍ വിവിധ വിമാന കമ്പനികള്‍ റദ്ദാക്കി. ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രാഈല്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കൊല്ലപ്പെടുന്ന സിവിലിയന്‍മാരുടെ എണ്ണം കൂടുകയാണ്.

ബെയ്റൂത്തിന് തെക്ക് ദഹിയയില്‍ ഒരു ആറുനില കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ആറുപേര്‍ കൊല്ലപ്പെട്ടത്. 15 പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുല്ല മിസൈല്‍ വിഭാഗം കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് ഖുബൈസും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്റാഈല്‍ അവകാശപ്പെട്ടു.

ബെയ്റൂത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് യു.എന്‍ വളണ്ടിയര്‍മാരും നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ലൈവ് ഷോക്കിടെ ഇസ്റാഈല്‍ ബോംബാക്രമണത്തില്‍ ലബനാന്‍ മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റു. മറായ ഇന്റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് എഡിറ്റര്‍ ഇന്‍ ചീഫ് ഫാദി ബോദിയക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ലബനാനില്‍ ആയിരങ്ങളാണ് വീടുകള്‍വിട്ട് സ്‌കൂളുകളിലെ ക്യാമ്പുകളില്‍ അഭയം തേടിയത്. ഇസ്റാഈലിന് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണവും തുടരുകയാണ്. 400 മിസൈലുകള്‍ ഹിസ്ബുല്ല ഇസ്റാഈലിന് നേരെ അയച്ചതായി ഇസ്രാഈല്‍ സൈനിക റേഡിയോ സ്ഥിരീകരിച്ചു.

ഹൈഫ ക്ക് സമീപം റോഷ്പിന പട്ടണത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് പതിച്ചതായി ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാഫേദ് പട്ടണത്തിലെ ഇസ്രാഈലിന്റെ ഡാഡോ മിലിട്ടറി ബേസിനുനേരെ 50ഓളം മിസൈലുകള്‍ അയച്ചതായി ഹിസ്ബുല്ല അവകാശപ്പെടുന്നു.

 

webdesk13: