ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പൊലീസുകാര്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജി സംബന്ധിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഷോപ്പിയാനില്‍ ഭീകരാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഏറെ പരിഭ്രാന്തിയിലാണ്.
ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ മൂന്ന് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോയാണ് ഭീകരര്‍ ഇവരെ വധിച്ചത്. കര്‍പ്രാന്‍ ഗ്രാമത്തിലെ പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ ഇവരെ വലിച്ചിഴച്ചു പുറത്തുകൊണ്ടു പോവുകയായിരുന്നു. തട്ടിക്കൊണ്ടു പോയ മറ്റൊരു പൊലീസുകാരനെ ഗ്രാമീണരുടെ സഹായത്തോടെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം വധിക്കപ്പെടുമോ എന്ന ഭയം മൂലം സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം കോണ്‍സ്റ്റബിള്‍മാര്‍ പോലും രാജി സമര്‍പ്പിക്കുകയാണ് എന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം. പൊലീസുകാരുടെ കൂട്ടരാജി സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും ദുരുദ്ദേശത്തോട് കൂടി ആരൊക്കെയോ പ്രചരിപ്പിക്കുന്നതാണെന്നും കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം വ്യാജറിപ്പോര്‍ട്ടുകള്‍ ചിലര്‍ കൃത്യമായ അജണ്ടയോടെ തയ്യാറാക്കപ്പെടുകയും പ്രചരിപ്പിക്കുകയുമാണ്. അതില്‍ വഞ്ചിതരാകരുത്.’ ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കശ്മീരിലെ പൊലീസ് സേന വളരെയധികം കര്‍മ്മകുശലതയും ആത്മാര്‍ഥതയും ഉള്ളവരാണ്. 30,000ത്തോളം സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരുടെ സേവനങ്ങള്‍ കൃത്യസമയത്ത് തന്നെ വിലയിരുത്തപ്പെട്ടിട്ടുള്ളതും അംഗീകാരം നല്‍കിയിട്ടുള്ളതുമാണ്. ഭരണപരമായ സാങ്കേതികതടസ്സങ്ങളാല്‍ ചിലരുടെ കാര്യത്തില്‍ വിലയിരുത്തല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അങ്ങനെയുള്ള ചിലര്‍ മാത്രമാണ് രാജിവെച്ചിട്ടുള്ളതെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.