X

പൈതൃകം, പാണക്കാടിന്റെ കഥ പറയാം : അനുഭവ കാഴ്ചയുടെ വേദിയായി രണ്ടാം സെഷൻ

കൊടപ്പനക്കൽ തറവാട് തണൽ വിരിച്ച വഴികളിലെല്ലാം അനുഭവപ്പകർച്ചയുടെ വൈവിധ്യങ്ങളുണ്ട്. വേദന പൊടിയുന്ന ജീവിതങ്ങൾക്ക് ശാന്തി പകർന്നും തർക്കങ്ങളിലെ തീർപ്പുകൾക്കുമെല്ലാമിടയിൽ സാമൂഹിക, സാമുദായിക രാഷ്ട്രീയത്തിലേക്കും ആ വാതിലുകൾ തുറന്നുവെച്ചിരുന്നു. കടലുണ്ടി പുഴ തലോടിയ ആ അനുഭവങ്ങളാണ് പൈതൃകത്തിന്റെ രണ്ടാം സെഷനിൽ പങ്കുവെക്കപ്പെട്ടത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ നടന്ന പൈതൃകം ക്യാമ്പയിന്റെ പാണക്കാടിന്റെ കഥ പറയാം എന്ന സെഷനാണ് ഇന്നലെ നടന്നത്.

പാണക്കാട് സി.എസ്.ഇ യിൽ നടന്ന സ്റ്റോറി ടെല്ലിംഗ് പരിപാടിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ അടക്കം സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും മത സംഘടനാ നേതാക്കളും പങ്കെടുത്തു.

വൈകിട്ട് ഏഴ് മണിക്ക് തുടങ്ങിയ സെഷൻ രാത്രി പത്ത് മണിയോടെ അവസാനിച്ചു. സെഷനിൽ കൊടപ്പനക്കൽ തറവാടിന്റെ അനുഭവങ്ങളുമായി നിരവധി പേർ സംസാരിച്ചു. ആ വിവിരണങ്ങൾക്കെല്ലാം ചില ജീവിതങ്ങളുടെ നേർക്കാഴ്ചയുണ്ടായിരുന്നു. സി.എസ്.ഇ സെന്ററിൽ പ്രത്യേകമായി അലങ്കരിച്ച വേദിയിലാണ് സെഷൻ നടന്നത്.

കാലങ്ങളെ നയിച്ച കാലഘട്ടങ്ങൾ എന്ന പ്രമേയത്തോടെ സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന പൈതൃകം ക്യാമ്പയിന്റെ രണ്ടാമത്തെ പ്രധാന സെഷനായിരുന്നു പാണക്കാടിന്റെ കഥ പറയാം എന്നത്. പ്രത്യേക വിഷയങ്ങളിലുള്ള സെമിനാറുകളും ക്യാമ്പയിന്റെ ഭാഗമായി നടന്നുവരുന്നു. എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് അധ്യക്ഷത വഹിച്ചു . ഫാരിസ് പൂക്കോട്ടൂർ സ്വാഗതംഭാഷണം നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ്, ഭാരവാഹികളായ ഷറഫു പിലാക്കൽ കെ.ടി റഊഫ്,പി.എ ജവാദ്,ഷാക്കിർ പാറയിൽ, റുമൈസ് റഫീഖ് , ജീലാനി ഖത്തർ കെഎംസിസി സംസ്ഥാന സെക്രട്ടറി അലി മൊറയൂർ ജില്ലാ നേതാക്കളായ കബീർ മുതുപറമ്പ്, വി എ വഹാബ്, നിയോജക മണ്ഡലം പ്രസിഡന്റ് അഖിൽ ആനക്കയം, സെക്രട്ടറി ജസീൽ പറമ്പൻ എന്നിവർ പങ്കെടുത്തു.

webdesk13: