അഡലെയ്ഡ്: ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ സെമി സാധ്യതകള്‍ ഏത് വഴി…? ഇന്ത്യ നാല് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സെമി ഫൈനലിന് തൊട്ടരികിലാണ്. ആറ് പോയിന്റാണ് ടീമിന്. നെറ്റ് റണ്‍റേറ്റ് 0.730. ഒരു മല്‍സരം ഞായറാഴ്ച്ച ബാക്കി നില്‍ക്കുന്നു. ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യക്ക് പേടിക്കാനൊന്നുമില്ല. നേരിട്ട് സെമിയില്‍. അഥവാ ഈ മല്‍സരം മഴയില്‍ മുങ്ങിയാലും ഇന്ത്യ തന്നെ സെമിയില്‍. കാരണം ബംഗ്ലാദേശിനോ പാക്കിസ്താനോ ഇനി ഏഴ് പോയന്റില്‍ എത്താനാവില്ല. പക്ഷേ ഇന്ത്യ സിംബാബ്‌വെയോട് തോല്‍ക്കുകയും പാക്കിസ്താന്‍ അവരുടെ അവസാന രണ്ട് മല്‍സരങ്ങള്‍ ജയിക്കുകയും ദക്ഷിണാഫ്രിക്ക പാക്കിസ്താനോട് തോല്‍ക്കുകയും നെതര്‍ലന്‍ഡ്‌സിനെ കീഴ്‌പ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യക്ക് പ്രശ്‌നമുണ്ട്. പോയന്റടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയും നെറ്റ് റണ്‍റേറ്റില്‍ പാക്കിസ്താനും മുന്നില്‍ കയറും.
ദക്ഷിണാഫ്രിക്കക്കാണ് ഗ്രൂപ്പില്‍ വ്യക്തമായ സാധ്യത. രണ്ട് മല്‍സരങ്ങള്‍ ബാക്കിയുണ്ട്. നിലവില്‍ അവര്‍ക്ക് അഞ്ച് പോയിന്റുണ്ട്. ഇതില്‍ ഒരു മല്‍സരം ജയിച്ചാല്‍ തന്നെ സെമി ഉറപ്പിക്കാം. റണ്‍റേറ്ററിലും അവര്‍ ശക്തരാണ്. എന്നാല്‍ കളിക്കാനുള്ള രണ്ട് മല്‍സരങ്ങള്‍ തോറ്റാല്‍ ചിത്രം മാറും. അത്തരം സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയുടെ സാധ്യത പാക്കിസ്താന്‍-ബംഗ്ലാദേശ് മല്‍സരം മഴയില്‍ ഒലിക്കണം. ഇന്ത്യയോട് ഇന്നലെ തോറ്റെങ്കിലും ബംഗ്ലാദേശിന്റെ സാധ്യത അവസാനിച്ചിട്ടില്ല. അവസാന മല്‍സരം പാക്കിസ്താനുമായാണ്. ഈ കളി ജയിക്കണം. പിന്നെ ദക്ഷിണാഫ്രിക്ക ഒരു മല്‍സരമെങ്കിലും തോല്‍ക്കാന്‍ കാത്തിരിക്കണം. അങ്ങനെ വന്നാല്‍ രണ്ട് പേര്‍ക്കും തുല്യ പോയിന്റാവും. എന്നാല്‍ റണ്‍റേറ്റില്‍ അവര്‍ പിറകിലാണ്. പാക്കിസ്താന് ഇനി രണ്ട മല്‍സരങ്ങള്‍. രണ്ടും ജയിച്ചാല്‍ ആറ് പോയിന്റ്. നെറ്റ് റണ്‍റേറ്റും പ്രശ്‌നമാണ്. പക്ഷേ അവസാന രണ്ട് മല്‍സരങ്ങളില്‍ വലിയ റണ്‍റേറ്റില്‍ വിജയിച്ചാല്‍ പ്രതീക്ഷയുണ്ട്. സിംബാബ്‌വെക്കും നെതര്‍ലന്‍ഡ്‌സിനും സാധ്യതകള്‍ തെല്ലുമില്ല.