പാരീസ്: മൂന്ന് വർഷം മുമ്പ് അങ്ങ് ടോക്കിയോവിൽ-ഓർമയില്ലേ.. ചരിത്രം പിറന്ന ആ ദിനം. പി.ആർ ശ്രീജേഷ് എന്ന കാവൽക്കാരൻ വൻമതിലായി ജർമൻകാർക്ക് മുന്നിൽ അവതരിച്ച ആ സായാഹ്നം. 5 – 4 എന്ന സ്ക്കോറിൽ ഇന്ത്യൻ ഹോക്കി സംഘം 41 വർഷത്തെ വലിയ ഇsവേളക്ക് ശേഷം ഒളിംപിക്സ് ഹോക്കിയിൽ വെങ്കലം നേടിയ മുഹൂർത്തം. 1980 ലെ മോസ്ക്കോ ഒളിംപിക്സിൽ സഫർ ഇഖ്ബാൽ നയിച്ച ഹോക്കി സംഘം സ്വർണം സ്വന്തമാക്കിയ ശേഷം ഇന്ത്യ വലിയ വേദിയിൽ ആദ്യമായി മെഡൽ സ്വന്തമാക്കിയ കാഴ്ച്ച.
ഇതാ, ഇന്ന് ആ മെഡൽ നേട്ടം മെച്ചപ്പെടുത്തി വലിയ നേട്ടത്തിനായി ഇന്ത്യ ഇറങ്ങുന്നു. ന്യൂസിലൻഡുമായാണ് ഇന്ന് ഇന്ത്യയുടെ ആദ്യമൽസരം. ക്യാപ്റ്റൻ ഹർമൻപ്രീതും സംഘവും ആത്മവിശ്വാസത്തിലാണ്. ഗോൾക്കിപ്പറും സീനിയറുമായ ശ്രീജേഷിന് ഇത് അവസാന ഒളിംപിക്സ് മാത്രമല്ല അവസാന രാജ്യാന്തര ചാമ്പ്യൻഷിപ്പ് കൂടിയാണ്. അദ്ദേഹത്തിന് ഒരു മെഡൽ എന്നതാണ് ടീം ലക്ഷ്യമാക്കുന്നത്. ശക്തരുടെ ഗ്രൂപ്പിലാണ് ഇന്ത്യ.
ഓസ്ട്രേലിയ, ബെൽജിയം, അർജൻറീന എന്നിവർ പ്രതിയോഗികളായുണ്ട്. ആറ് ടിമുകൾ മാറ്റുരക്കുന്ന ഗ്രൂപ്പിൽ താരതമ്യേന ദുർബലരാണ് കിവിസ്. അതിനാൽ തന്നെ മികച്ച വിജയത്തോടെ ആരംഭിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.