കരളിനെ ബാധിക്കുന്ന ഒരു ഗുരുതര രോഗമാണ് ഹെപ്പറ്റൈറ്റിസ്. മുതിർന്നവരിൽ മാത്രമല്ല, കുട്ടികളെയും ഒരുപോലെ അപകടത്തിലാക്കുന്ന വില്ലൻ. കുട്ടികളിലെ മാറുന്ന ഭക്ഷണശീലങ്ങളും ജീവിതശൈലിയുമാണ് ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത്. ജങ്ക് ഫുഡും കൂൾ ഡ്രിങ്ക്‌സും കണക്കറ്റ് കഴിക്കുന്നതും വ്യായാമക്കുറവും ഹെപ്പറ്റൈറ്റിസിനു കാരണമാകുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം കുറഞ്ഞ രോഗപ്രതിരോധ ശക്തി കാരണം കുട്ടികളെ എളുപ്പത്തിൽ കീഴടക്കുന്നു.തുടക്കത്തിൽ ഒരു ലക്ഷണവും പുറമെ കാണിക്കാത്ത രോഗമാണ് ഹെപ്പറ്റൈറ്റിസ്.
പലപ്പോഴും വേറെ എന്തെങ്കിലും ഒരു അസുഖത്തിന് വേണ്ടി കുട്ടികളിൽ ടെസ്റ്റുകൾ നടത്തിനോക്കുമ്പോഴാണ് ഹെപ്പറ്റൈറ്റിസ് കണ്ടുപിടിക്കുന്നത്. തലകറക്കം, മനംപിരട്ടൽ, ഛർദി, വിശപ്പില്ലായ്മ, അടിവയറ്റിലെ വേദന, മഞ്ഞപ്പിത്തം (തൊലിയിലെയും കണ്ണിലെയും മഞ്ഞ നിറം), മാനസിക ബുദ്ധിമുട്ടുകൾ എന്നീ ലക്ഷണങ്ങൾ കുട്ടികളിൽ കാണുന്നുണ്ടെങ്കിൽ അത് ഹെപ്പറ്റൈറ്റിസ് ആവാം. ചില കുട്ടികളിൽ ഗുരുതരമാം വിധം കരൾ തകരാറിലായ ശേഷമായിരിക്കും ഹെപ്പറ്റൈറ്റിസ് എന്ന വില്ലനെ തിരിച്ചറിയുന്നത്. അപ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത രക്തസ്രാവം, ബോധമില്ലായ്മ, വയറ്റിലെ നീര് എന്നീ ലക്ഷണങ്ങളും ഉണ്ടാവും.
ലോകം ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത് എല്ലാ വർഷവും ജൂലൈ 28നാണ്. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ ഫലപ്രദമായ ഒരു വാക്സിൻ കണ്ടുപിടിക്കുകയും അതിന് നൊബേൽ സമ്മാനം നേടുകയും ചെയ്ത ഡോ. ബറുഷ് ബ്ലുംബർഗിന്റെ ജന്മദിനമാണ് ഈ ദിവസം. അദ്ദേഹം തന്നെയാണ് ഹെപ്പറ്റൈറ്റിസ് കണ്ടെത്താനുള്ള പരിശോധനാ രീതിയും വികസിപിടിച്ചെടുത്തത്.
ഓരോ വർഷവും ഓരോ സന്ദേശവുമായാണ് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ഹെപ്പറ്റൈറ്റിസിനായി കാത്തിരിക്കരുത് എന്നതാണ് ഈ വർഷത്തെ പ്രമേയം. കുട്ടികളുടെയും മുതിർന്നവരുടെയും ജീവന് ഒരേപോലെ ഭീഷണിയായേക്കാവുന്ന ഈ രോഗത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും അതിനെതിരായ പ്രതിരോധ മാർഗങ്ങൾ തീർക്കാനുമാണ് ഇങ്ങനെയൊരു ദിവസം ആചരിക്കുന്നത്.
വിവിധ കാരണങ്ങളാൽ കരളിൽ ഉണ്ടാകുന്ന നീർവീക്കമാണ് ഹെപ്പറ്റൈറ്റിസ്. ചില വൈറസുകൾ (ഹെപ്പറ്റോട്രോപ്പിക് വൈറസുകൾ അല്ലെങ്കിൽ നോൺ ഹെപ്പറ്റോട്രോപ്പിക് വൈറസുകൾ), പ്രതിരോധശേഷിയിൽ ഉണ്ടാകുന്ന തകരാറുകൾ, കരളിനെ ബാധിക്കുന്ന ദഹനസംബന്ധിയായ പ്രശ്നങ്ങൾ, ശരീരത്തിനുള്ളിൽ കടക്കുന്ന വിഷാംശങ്ങൾ, മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവർ, എന്നിവയാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന പ്രധാന വില്ലന്മാർ. അപൂർവമായി മറ്റ് ചില രോഗങ്ങളും ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്. ഇവയിൽ ഏത് കാരണത്താലാണ് ഹെപ്പറ്റൈറ്റിസ് ഉണ്ടാകുന്നത് എന്നതിന് അനുസരിച്ച് രോഗത്തിന്റെ തീവ്രത കൂടുകയോ കുറയുകയോ ചെയ്യും.
ഭൂരിഭാഗം രോഗികളിലും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത് ഹെപ്പറ്റോട്രോപ്പിക് വൈറസുകളാണ്. പക്ഷെ ഇപ്പോൾ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കാരണം, കുട്ടികളിൽ ഫാറ്റി ലിവർ രോഗം കൂടുതലായി കാണാറുണ്ട്. ഈ ഫാറ്റി ലിവർ ഹെപ്പറ്റൈറ്റിസിനെ ക്ഷണിച്ചു വരുത്തുന്ന ഒരു വില്ലനാണ്.
രോഗം കൃത്യസമയത്ത് കണ്ടെത്തണമെങ്കിൽ മുൻകാലങ്ങളിൽ രോഗി ചികിത്സ തേടിയിട്ടുള്ള രോഗങ്ങളെ സംബന്ധിച്ച വിവരങ്ങൾ അനിവാര്യമാണ്. ഒപ്പം കൃത്യമായ രക്ത, സ്രവ പരിശോധനകളും. അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ ഹെപ്പറ്റൈറ്റിസ് എത്ര ഗുരുതരമായ സ്റ്റേജിലാണെന്ന് കണ്ടെത്താം. രോഗകാരണം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ കരൾ ബയോപ്സി പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.
ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന വൈറസുകൾ.
പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്ന് അവയ്ക്ക് പേര് നൽകിയിരിക്കുന്നു. ഈ വൈറസുകൾ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരും.
ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ മലിനമായ ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്. രോഗിയുടെ മലവിസർജ്യത്തിൽ ഈ വൈറസുകളുടെ സാന്നിധ്യം ഉണ്ടാവും.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രക്തത്തിലൂടെയാണ് പകരുന്നത്. ഈ വൈറസുകൾ കുട്ടികളിൽ ഗുരുതരമായ ലിവർ സിറോസിസിനും കാൻസറിനും കാരണമാകുന്നു. ഗർഭിണികളായ അമ്മമാർ രോഗികളാണെങ്കിൽ അവരുടെ കുഞ്ഞുങ്ങളിലേക്ക് ഈ രോഗം പടരും. പ്രസവ സമയത്ത് വൈറസ് സാന്നിധ്യമുള്ള അമ്മയുടെ രക്തമോ ശരീരസ്രവങ്ങളോ സ്പർശിച്ചാലും കുഞ്ഞിന് രോഗമുണ്ടാകും.
ടാറ്റൂ കുത്തൽ, സൂചികൊണ്ടുള്ള മുറിവുകൾ, അണുബാധയുള്ള രക്തം സ്വീകരിക്കൽ എന്നിവയിലൂടെയും ഹെപ്പറ്റൈറ്റിസ് പകരും. ഹെപ്പറ്റൈറ്റിസ് സി വൈറസ് ശരീരത്തിൽ കടന്നു കഴിഞ്ഞാൽ വർഷങ്ങളോളം ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല. കരൾ ഗുരുതരാവസ്ഥയിലാകുമ്പോഴായിരിക്കും ഹെപ്പറ്റൈറ്റിസ് ആണെന്ന് തിരിച്ചറിയുന്നത്.
ഹെപ്പറ്റൈറ്റിസ് ബി ഉണ്ടായവരിൽ കാണുന്ന ഒരു ഉപരോഗമാണ് ഹെപ്പറ്റൈറ്റിസ് ഡി. ഹെപ്പറ്റൈറ്റിസ് ഡി മാത്രമായി ആരിലും ഉണ്ടാകാറില്ല. പക്ഷെ ഇവ രണ്ടും ഒരുമിച്ച് വന്നുകഴിഞ്ഞാൽ ഹെപ്പറ്റൈറ്റിസ് അതീവ ഗുരുതരമാകും. കുട്ടികളുടെ കരളിന്റെ പ്രവർത്തനത്തെ അത് ബാധിക്കുകയും ചിലപ്പോൾ മരണത്തിന് കാരണമാവുകയും ചെയ്തേക്കാം.
ലക്ഷണങ്ങൾ
പനി, ക്ഷീണം, വിശപ്പില്ലായ്മ, തലകറക്കം, ഛർദി, അടിവയറ്റിൽ വേദന, ഇരുണ്ടനിരത്തിലുള്ള മൂത്രം, വിളറിയ മലം, സന്ധിവേദന, മഞ്ഞപിത്തം എന്നിവയാണ് ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ. ഏത് വൈറസാണ് രോഗകാരിയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധന ആവശ്യമാണ്. കുഞ്ഞിന്റെ ശരീരത്തിൽ എത്രത്തോളം വൈറസ് പിടിമുറുക്കിയിട്ടുണ്ടെന്ന് കണ്ടെത്താൻ വൈറൽ ലോഡ് ടെസ്റ്റും വേണം.
ലഭ്യമായ ചികിത്സ
ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളെ ശരീരത്തിൽ നിന്ന് തുരത്താൻ മരുന്നുകൾ ലഭ്യമാണ്. കരൾവീക്കം കുറയ്ക്കാൻ ഈ മരുന്നുകൾ സഹായിക്കും. ഹെപ്പറ്റൈറ്റിസ് ബി ഉള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് പ്രസവസമയത്ത് തന്നെ നൽകാനുള്ള പ്രതിരോധ മരുന്നുമുണ്ട്.
ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ ഒരു പരിധിക്കപ്പുറത്തേക്ക് സ്വയം പെരുകില്ല. ശരിയായ ചികിത്സയിലൂടെ അസുഖം ഭേദപ്പെടും. പക്ഷെ കുട്ടികളിൽ രോഗം ഗുരുതരമാകുന്ന ഘട്ടങ്ങളിൽ അവരെ എത്രയും വേഗം ഐസിയുവിൽ പ്രവേശിപ്പിക്കണം. നേരത്തെ കരൾ രോഗങ്ങൾ ഉള്ള കുട്ടികളാണെങ്കിൽ പ്രശ്നം ഗുരുതരമാകാൻ സാധ്യതയുണ്ട്. സ്ഥിതി വഷളായാൽ കുട്ടിയുടെ കരൾ മാറ്റിവെക്കേണ്ടി വരും.ഗർഭിണികളായ സ്ത്രീകളിൽ ഹെപ്പറ്റൈറ്റിസ് ഇ രോഗം ഗുരുതരമായ പ്രത്യഘാതങ്ങൾക്ക് വഴിവെക്കും. അതുകൊണ്ട് ആ കാലയളവിൽ അവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പ്രതിരോധം
പൊതുജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന സംവിധാനങ്ങളുടെ ശുചിത്വം വളരെ പ്രധാനമാണ്. മലമൂത്രവിസർജ്യങ്ങൾ ശരിയായവിധം മറവുചെയ്യണം. ശുദ്ധജല വിതരണ കുഴലുകളുമായി ഒരുകാരണവശാലും മലമൂത്ര വിസർജ്യങ്ങൾ ബന്ധത്തിൽ വരാൻ പാടില്ല.
ഹെപ്പറ്റൈറ്റിസ് എന്ന വില്ലനെ പ്രതിരോധിക്കാൻ കുട്ടികളെ നല്ല വ്യക്തിശുചിത്വം പാലിക്കാൻ ശീലിപ്പിക്കാം. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ ധാരാളം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാൻ പ്രോത്സാഹിപ്പിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം നൽകുക. കുട്ടികൾ കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക.
ഉപയോഗിച്ച ശേഷം സിറിഞ്ചുകളും മറ്റ് വസ്തുക്കളും ശരിയായവിധം ഉപേക്ഷിക്കാൻ ആശുപത്രി സംവിധാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗികൾക്ക് രക്തം നൽകുന്നതിന് മുൻപ് അതിൽ അണുബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പിക്കണം. നാടൻ, ആയുർവേദ ചികിത്സകൾ പരമാവധി ഒഴിവാക്കുക.
പ്രതിരോധ മരുന്ന്
ഹെപ്പറ്റൈറ്റിസ് എ, ബി രോഗങ്ങൾക്ക് വാക്സിൻ ലഭ്യമാണ്. ഒരു വയസ് കഴിഞ്ഞ കുട്ടികൾക്ക് രണ്ട് ഡോസ് വാക്സിൻ എടുക്കണം. ലൈവ് വാക്സിൻ ആണെങ്കിൽ ഒറ്റ ഡോസ് മതിയാകും.
വാക്സിൻ ലഭ്യമായി തുടങ്ങിയ ശേഷം, കുട്ടികളിൽ ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബാധ വളെരയധികം കുറഞ്ഞിട്ടുള്ളതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 1980 മുതൽ 2000 വരെയുള്ള കാലത്ത് അഞ്ച് വയസിൽ താഴെയുള്ള 5% കുട്ടികളെ ഹെപ്പറ്റൈറ്റിസ് ബാധിച്ചിരുന്നു. 2019 ആയപ്പോഴേക്കും അത് 1% ൽ താഴെയാക്കാൻ വാക്സിനുകൾക്ക് കഴിഞ്ഞു.
ഗർഭിണിയായ സ്ത്രീകൾ ആദ്യം ഡോക്ടറെ കാണാൻ എത്തുമ്പോൾ തന്നെ ഹെപ്പറ്റൈറ്റിസ് ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ്. കുട്ടി ജനിച്ചയുടനെ 24 മണിക്കൂറിനുള്ളിൽ ആദ്യത്തെ ഡോസ് വാക്സിൻ എടുക്കാനും ശ്രദ്ധിക്കാം. അങ്ങനെ മൂന്ന് ഡോസ് വാക്സിൻ പൂർത്തിയാക്കുന്നത് ഹെപ്പറ്റൈറ്റിസിനെതിരായ പ്രതിരോധശേഷി ശക്തിപ്പെടുത്തും..ഹെപ്പറ്റൈറ്റിസ് ഡി വരാതിരിക്കാനുള്ള ഒരേയൊരു മാർഗം ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ മാത്രമാണ്. ഹെപ്പറ്റൈറ്റിസ് സി, ഇ വൈറസുകൾക്കെതിരെ ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല.
കൃത്യമായ ഇടവേളകളിലെ പരിശോധന, പ്രതിരോധ കുത്തിവെയ്പ്പ്, എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് എന്ന വില്ലനിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാൻ സാധിക്കും.
വിവരങ്ങൾക്ക് കടപ്പാട്: ഡോ. വിനീത വിജയരാഘവൻ, കൺസൾറ്റൻറ് – പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്ററോളജി ആൻഡ് ഹെപ്പറ്റോളജി, ആസ്റ്റർ മിംസ്, കോഴിക്കോട്.