ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധക്കോട്ട കാത്ത സെഡറിക് ഹെങ്ബര്‍ട്ടും ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. മാള്‍ട്ടാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മോസ്റ്റാ എഫ്‌സിക്ക് വേണ്ടിയാണ് ഹെങ്ബര്‍ട്ട് ഇനി ബൂട്ടണിയുക. കേരള ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയ ഒന്നാം സീസണിലും, മൂന്നാം സീസണിലും മഞ്ഞപ്പടയുടെ താരമായിരുന്നു ആരാധകര്‍ സ്‌നേഹപൂര്‍വ്വം ‘വല്യേട്ടന്‍’ എന്ന് വിളിക്കുന്ന സെഡറിക് ഹെങ്ബര്‍ട്ട്. താന്‍ പുതിയ ക്ലബിലേക്ക് ചേക്കേറിയതായി ഹെങ്ബര്‍ട്ട് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇത് പുതിയ വെല്ലുവിളിയാണെന്നും താരം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍ട്രിക്ക് മോസ്റ്റാ എഫ്.സിയില്‍ ചേര്‍ന്നതായി മാള്‍ട്ട ഫുട്‌ബോളിന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിപ്പ് വന്നത്. നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ ജോസു പ്രിറ്റോയും, ആരോണ്‍ ഹ്യൂസും, ഗ്രഹാം സ്റ്റാര്‍ക്കുമെല്ലാം പുതിയ ക്ലബില്‍ ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രഞ്ചുകാരനായ ഹെങ്ബര്‍ട്ടും ക്ലബ് വിടുന്നത്.
ജോസു സ്പാനിഷ് ക്ലബായ എക്‌സ്ട്രിമദുര യു.ഡിയിലെത്തിയപ്പോള്‍, ഹ്യൂസ് സ്‌കോട്ടിഷ് ക്ലബായ ഹാര്‍ട്ട് ഒഫ് മിഡ്‌ലോട്ടിയന്‍ എഫ്.സിയുമായാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇരുവരും ആറ് മാസത്തേക്കാണ് ഈ ക്ലബുകളുമായി കരാറിലേര്‍പ്പെട്ടത് എന്നത് ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. അതെസമയം ഹെങ്ബര്‍ട്ടുമായുളള മാള്‍ട്ടാ ക്ലബിന്റെ കരാര്‍ വ്യവസ്ഥകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. അതിനാല്‍ തന്നെ പുതിയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഹെങ്ബര്‍ട്ട് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നുണ്ട്.