X
    Categories: More

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊറാബാഡി ഗ്രൗണ്ടില്‍ ഇന്ന് വൈകീട്ടാണ് ചടങ്ങ്. ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു സിപിഐ എംഎല്‍ ജനറല്‍ സെക്രട്ടറി ദിപങ്കര്‍ ഭട്ടാചാര്യ, എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മികച്ച വിജയത്തോടെ നാലാം തവണയും ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ് ഹേമന്ത് സോറന്‍. ഹേമന്ത് സോറനൊപ്പം ഭാര്യ കല്‍പ്പന സോറനും ജെഎംഎമ്മില്‍ നിന്നുള്ള 6 മന്ത്രിമാരും കോണ്‍ഗ്രസ് ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ളവരും സത്യപ്രതിജ്ഞ ചെയ്യും.അടുത്തയാഴ്ചയോടെ മന്ത്രിസഭയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും.

അതേസമയം, സിപിഐഎംഎല്‍ ലിബറേഷന്‍ സര്‍ക്കാരിനെ പുറത്തുനിന്നായിരിക്കും പിന്തുണയ്ക്കുക. ജാര്‍ഖണ്ഡില്‍ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് 16 സീറ്റിലും ആര്‍ജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎല്‍ 2 സീറ്റിലാണ് വിജയിച്ചത്‌

webdesk13: