X

‘ആക്ഷൻ ഓൺ ഹേമ റിപ്പോർട്ട്’ മുദ്രാവാക്യവുമായി ഇന്ന് പ്രതിഷേധ കൂട്ടായ്മ; പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ്

സംസ്ഥാനത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേൽ കോൺഗ്രസ് ശക്തമായ പ്രത്യക്ഷ സമരം തുടങ്ങുന്നു. സര്‍ക്കാരിന്‍റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്‍റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ ഇന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി നിര്‍വഹിച്ചു. ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. സെപ്റ്റംബര്‍ 2 ന് യുഡിഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തീരുമാനിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും എം. ലിജു അറിയിച്ചു.

അതിക്രമം നേരിട്ട ഇരകള്‍ നല്‍കിയ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക അതിക്രമം, ലൈംഗിക ചൂഷണം എന്നിവ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടും തെളിവ് സഹിതമുള്ള വിവരങ്ങളും വെളിപ്പെടുത്തലുകളും സര്‍ക്കാരിന്‍റെ പക്കലുണ്ടായിട്ടും പരാതി ലഭിച്ചാല്‍ മാത്രമെ കേസെടുക്കുയെന്ന പ്രതിഷേധാര്‍ഹമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ദുരനുഭവം നേരിട്ട പലര്‍ക്കും പരാതിയുമായി മുന്നോട്ട് വരാനുള്ള സാഹചര്യം സര്‍ക്കാര്‍ തടസ്സപ്പെടുത്തി. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രക്ഷോഭപാതയിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതമായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എം. ലിജു അറിയിച്ചു.

webdesk13: