X

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; കത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്നില്ല, ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും: വി.ഡി. സതീശന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ വിടാതെ പ്രതിപക്ഷം. കമ്മിറ്റി നല്‍കിയ കത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്നില്ലെന്നും കത്തിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മുഖ്യമന്ത്രി കള്ളം പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുറ്റകൃത്യം ചെയ്തിരിക്കുന്നു എന്ന് വ്യക്തമായിട്ടും അത് മറച്ചുവെയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്താലും ക്രിമിനല്‍ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി നല്‍കിയ കത്തായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനങ്ങള്‍ക്കുള്ള സര്‍ക്കാരിന്‍റെ മുഖ്യ ആയുധം. അതേ കത്ത് പുറത്ത് വിട്ട് തിരിച്ചടിക്കുകയാണ് പ്രതിപക്ഷം. കത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് പുറത്ത് വിടുമ്പോള്‍ സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണം എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. പോക്‌സോ കേസ് എടുക്കേണ്ട കുറ്റകൃത്യമാണ് ഇതില്‍ നടന്നിട്ടുള്ളത്.

നാല് കൊല്ലമായി ഈ റിപ്പോര്‍ട്ട് വായിച്ച് മുഖ്യമന്ത്രിയും അന്നത്തെ മന്ത്രി എ.കെ. ബാലനും ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. ലൈംഗീക ചൂഷണത്തിന് ഇരകളായവര്‍ കൊടുത്ത തെളിവുകളാണ് സര്‍ക്കാരിന്‍റെ കൈയ്യില്‍ കിട്ടിയത്. എന്നാല്‍, ഒരു അന്വേഷണം പോലും നടത്തിയില്ല. കുറ്റകൃത്യത്തിന്‍റെ ഒരു പരമ്പര തന്നെ നടന്നു.

ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. എന്നാല്‍, അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. വേട്ടക്കാര്‍ക്കെതിരെ പോരാടുമെന്ന് പറയുന്ന സര്‍ക്കാര്‍ നാലരവര്‍ഷം വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടാണെടുത്തത്. പ്രതികളേയും ഇരകളേയുമിരുത്തി കോണ്‍ക്ലേവ് നടത്താനാണ് നാണംകെട്ട സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതപക്ഷ തീരുമാനം.

webdesk13: