X

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: റിപ്പോര്‍ട്ട് പുറത്തു വിടാതിരുന്നത് ക്രിമിനല്‍ കുറ്റം, കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം: വി.ഡി സതീശന്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ ചൂക്ഷണം സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ സർക്കാർ പുറത്തുവിട്ട ഭാഗങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലൈംഗിക ചൂഷണവും ക്രിമിനൽവൽക്കരണവും അരാജകത്വവും തുടങ്ങിയ സംഭവങ്ങൾ സിനിമാ മേഖലയിൽ നടക്കുന്നു. അതിനേക്കാൾ വിഷമിപ്പിക്കുന്നത് നാലരവർഷകാലം ഈ റിപ്പോർട്ട് കയ്യിൽവെച്ച് പുറത്തുവിടാതെ സർക്കാർ എന്തിനാണ് അടയിരുന്നത് എന്ന ചോദ്യമാണെന്നും വി ഡി സതീശൻ.

സ്ത്രീപക്ഷ, സ്ത്രീയനുകൂല കാര്യങ്ങൾ മാത്രം പറയുന്ന ആളുകൾ അധികാരത്തിൽ ഇരിയ്ക്കുമ്പോൾ ഇത്രമാത്രം വലിയ സ്ത്രീവിരുദ്ധത നടന്നിട്ട് ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് അംഗീകരിക്കാനാവില്ല. സർക്കാർ റിപ്പോർട്ട് പുറത്തു വിടാതിരുന്നത് ആരെ രക്ഷിക്കാനായിരുന്നുവെന്നും എന്തിനു വേണ്ടിയാണെന്നും വ്യക്തമാക്കണം. നാലര വർഷക്കാലം റിപ്പോർട്ട് സർക്കാർ പുറത്ത് വിടാതിരുന്നത് ക്രിമിനൽ കുറ്റമാണെന്നും വി ഡി സതീശൻ പറഞ്ഞു.

അടിയന്തരമായി ഹേമ കമ്മിറ്റി ശുപാർശകളിൻമേൽ നിയമ നടപടി സ്വീകരിക്കണം. ലൈംഗിക ചൂക്ഷണം, ക്രിമിനൽവത്കരണം, അനാവശ്യ ലഹരി ഉപയോഗവും തുടങ്ങി എല്ലാത്തിനും മേൽ സമഗ്ര അന്വേഷണം നടത്തണം. ലൈംഗിക ചൂഷണത്തിനെതിരായി മുതിർന്ന വനിതാ ഐപിഎസ് സംഘം അടങ്ങിയ ഒരു ടീം തന്നെ അന്വേഷിക്കണം. എത്ര വലിയ താരമായാലും സ്ത്രീവിരുദ്ധ അതിക്രമം നടത്തിയിട്ടുണ്ടെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വി ഡി സതീശൻ പറഞ്ഞു. ഏത് തൊഴിലിടങ്ങളും സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഇടം ഒരുക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

webdesk14: