കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബര്‍ 10-ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കിയാണ് സര്‍ക്കാര്‍ നിലവില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കേസെടുക്കുന്നതിൽ സർക്കാരിന്റെ നിലപാടെന്താണെന്നും റിപ്പോർട്ടിൽ ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ച് പരാമർശമുണ്ടോയെന്നും കോടതി ചോദിച്ചു. റിപ്പോർട്ടിൽ കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടില്ലെന്ന് വയ്ക്കാനാവില്ല. പുറത്തുവിട്ട റിപ്പോര്‍ട്ടിൽ കൊഗ്നിസിബൾ ഒഫൻസ് ഉണ്ടെങ്കിൽ നടപടി വേണം.
കേസില്‍ വനിതാ കമ്മീഷനെയും കക്ഷി ചേര്‍ത്തു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിരവധി ചോദ്യങ്ങളുന്നയിച്ചു. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ആരാഞ്ഞു.
ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ നടപടി എടുക്കുമെന്നാണ് സര്‍ക്കാറിന്റെ വാദം. മൊഴി നല്‍കിയവര്‍ക്ക് അക്കാര്യങ്ങള്‍ പുറത്തുപറയാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കിലും സ്വകാര്യത സംരക്ഷിച്ചു കൊണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പറ്റില്ലേ എന്ന് കോടതി ആരാഞ്ഞു.