X

ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗികാതിക്രമങ്ങൾക്ക് ഉത്തരവാദി സർക്കാർ: എം കെ മുനീർ

ചലച്ചിത്ര രംഗത്ത് തുടരുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എംഎല്‍എ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം. റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ 4 വര്‍ഷം മുന്‍പ് ഉറപ്പ് നല്‍കിയിരുന്നു. തന്റെ ഓഫീസിലുള്ള റിപ്പോര്‍ട്ട് മൂന്ന് വര്‍ഷമായിട്ടും വായിക്കാന്‍ മന്ത്രി സജി ചെറിയാന് കഴിഞ്ഞിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്ത സര്‍ക്കാര്‍ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പഠിക്കുകയാണെന്നാണ് എം കെ മുനീര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് സാംസ്‌കാരിക മന്ത്രിയായിരുന്ന എ.കെ ബാലന്റെ പ്രതികരണം.

റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എത്രയും വേഗം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിവരാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. സര്‍ക്കാരിന്റെ ഒളിച്ചുകളിയാണ് ഇതില്‍ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

webdesk13: