X

‘സ്വന്തം ജനങ്ങളെ സഹായിക്കാതെ വയനാടിനെ സഹായിക്കുന്നു’; കർണാടകയിൽ വിദ്വേഷത്തിന് തിരികൊളുത്തി ബി.ജെ.പി

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 100 വീടുകള്‍ നിര്‍മിച്ചുനല്‍കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ബി.ജെ.പി എം.പിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. ‘രാഹുല്‍ ഗാന്ധിയുടെ താല്‍പര്യപ്രകാരമാണ് സിദ്ധരാമയ്യുടെ പ്രഖ്യാപനം. കര്‍ണാടകയെ കോണ്‍ഗ്രസ് അതിന്റെ എ.ടി.എം ആയി ഉപയോഗിക്കുകയാണ്. കര്‍ണാടകയില്‍ പ്രളയദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ പരാജയപ്പെട്ട സര്‍ക്കാറാണ് വയനാട്ടില്‍ സഹായം നല്‍കുന്നത്’ -തേജസ്വി സൂര്യ ആരോപിച്ചു.

‘കര്‍ണാടകയെ തങ്ങളുടെ എ.ടി.എമ്മാക്കി നാണംകെട്ട മുതലെടുപ്പ് തുടരുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി വയനാടിന് 100 വീടുകള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്റെ നേതാവിന്റെ ആഗ്രഹം സഫലീകരിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. കര്‍ണാടകയിലെ മല്‍നാട് മേഖലയിലെ ജനങ്ങള്‍ കടുത്ത പ്രളയവും ഉരുള്‍പൊട്ടലും നേരിട്ടിട്ട് അവര്‍ക്ക് സഹായം നല്‍കാന്‍ പരാജയപ്പെട്ട സര്‍ക്കാറാണിത്. കര്‍ണാടകയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗം സഹായം നല്‍കാന്‍ സിദ്ധരാമയ്യ തയ്യാറാകുമോ? കന്നഡക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമോ? ഉത്തരാഖണ്ഡ് പോലെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമോ? പറ്റില്ല എന്നാണെങ്കില്‍, തന്റെ നേതാവിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ സിദ്ധരാമയ്യ മറുപടി പറയേണ്ടിവരും’ -തേജസ്വി സൂര്യ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് വേണ്ടി 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടകയുടെ എല്ലാ പിന്തുണയും ഉറപ്പുനല്‍കും. തങ്ങള്‍ ഒരുമിച്ച് വയനാടിന്റെ പുനര്‍നിര്‍മാണം സാധ്യമാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. എന്നാല്‍, ഈ പ്രഖ്യാപനത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്നതെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

നേരത്തെ, ദുരന്തമേഖലയിലെത്തിയ വയനാട് എം.പിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി 100 വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

webdesk13: