ജനീവ: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലീങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണവുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. റോഹിംഗ്യകള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ ചീഫ് കമാന്‍ഡര്‍ സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയിങ്ങിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ആംനസ്റ്റി ആവശ്യപ്പെടുന്നത്.
സൈന്യത്തിന്റെ അതിക്രവും മനുഷ്യാവകാശ ധ്വംസനവും അവസാനിപ്പിക്കുക, മ്യാന്‍മറിലെ രാഖിനി സംസ്ഥാനത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തകര്‍ക്കും യു.എന്നിനും പ്രവേശനം അനുവദിക്കുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നിവയാണ് ആംനസ്റ്റി ഉയര്‍ത്തുന്ന പ്രധാന ആവശ്യങ്ങള്‍.
രണ്ടാഴ്ചയ്ക്കുള്ളില്‍ മ്യാന്‍മറില്‍ നിന്നും രണ്ടരലക്ഷത്തോളം റോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. മ്യാന്‍മര്‍ സുരക്ഷാ സേനകള്‍ റോഹിംഗ്യകളെ കൂട്ടക്കുരുതി നടത്തുകയാണെന്നും ഒരു ഗ്രാമം മുഴുവന്‍ അഗ്‌നിക്കിരയാക്കിയെന്നുമാണ് സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും വ്യക്തമായതെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു.
ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്‍മറില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷക്കാരായ റോഹീങ്ക്യന്‍ മുസ്ലിംങ്ങള്‍ ലോകത്ത് ഏറ്റവുമധികം ക്രൂരത നേരിടുന്ന വിഭാഗമാണ്. പലായനം ചെയ്ത റോഹിങ്ക്യകളെ കൂടാതെ മ്യാന്‍മറിലെ റാഖീന്‍ സംസ്ഥാനത്ത് അടക്കം ഇപ്പോഴും വെളളമോ ഭക്ഷണമോ ഇല്ലാതെ പലയിടത്തും റോഹീങ്ക്യകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ബംഗ്ലാദേശിലേക്കുളള നാഫ് നദി കടക്കാന്‍ കഴിയാതെ മൗങ്ക്ദാവിലും റാത്തേദാങ്കിലും അഭയാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ടുകള്‍.