രാജ്യത്തെ ഇരുചക്രവാഹന യാത്രികര്‍ക്കു ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹെല്‍മെറ്റുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. 2021 ജൂണ്‍ ഒന്നുമുതല്‍ പുതിയ നിയമം നിലവില്‍ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിജ്ഞാപനം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ബിഐഎസ് ഇതര സര്‍ട്ടിഫൈഡ് ഹെല്‍മെറ്റുകള്‍ വില്‍ക്കുന്നത് കുറ്റകരമാകും.
ഭാരം കുറഞ്ഞ, നിലവാരമുള്ള ഹെല്‍മറ്റുകള്‍ മാത്രം ബിഐഎസ് മുദ്രണത്തോടെ നിര്‍മിച്ചു വില്‍പന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനുമാണ് നീക്കം. രാജ്യത്ത് നിലവാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ വില്‍ക്കുന്നത് ഒഴിവാക്കാനും അപകടങ്ങളില്‍പ്പെടുന്നവരെ മാരകമായ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കാനും പുതിയ നിയമം സഹായിക്കുമെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം, രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ പരിഗണിക്കുന്നതിനും ഹെല്‍മെറ്റ് ധരിക്കാന്‍ പൗരന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം ഉറപ്പാക്കുന്നതിനും ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.
സമിതിയുടെ ശുപാര്‍ശകള്‍ അനുസരിച്ച്, ബിഐഎസ് പ്രത്യേക സവിശേഷതകള്‍ പരിഷ്‌കരിച്ചു. അതിലൂടെ ഭാരം കുറഞ്ഞ ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.