X

ഹെലികോപ്റ്റര്‍ യാത്ര;പ്രതികരണവുമായി പികെ ഫിറോസ്

യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി മൂന്നാറില്‍ സംഘടിപ്പിച്ച സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ പങ്കെടുക്കാന്‍ ഹെലിക്കോപ്ടറില്‍ യാത്രചെയ്തതിനോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഉണ്ടായ പ്രചാരണങ്ങള്‍ക്കെതിരെ മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.വന്‍തുകമുടക്കി ഹെലിക്കോപ്ടറില്‍ യാത്ര എന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഇതിനൊക്കെയുള്ള മറുപടിയുമായിട്ടാണ് പികെ ഫിറോസ് എത്തിയിരിക്കുന്നത്

പികെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നതിന് ശേഷം ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി മൂന്നാറില്‍ മൂന്നു ദിവസത്തെ എക്‌സി.ക്യാമ്പ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റി കൊല്ലത്തും വയനാട്ടിലും ബാംഗ്ലൂരിലും സംഘടിപ്പിച്ച ക്യാമ്പുകളാണ് യുവജനയാത്ര, വൈറ്റ്ഗാര്‍ഡ്, ആസ്ഥാന മന്ദിരം തുടങ്ങിയ സുപ്രധാന പ്രവര്‍ത്തനങ്ങള്‍ സംഘടനക്ക് സമ്മാനിച്ചത്.

മൂന്നു ദിവസത്തെ നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ അടുത്ത ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതികള്‍ക്കാണ് സംസ്ഥാന കമ്മിറ്റി രൂപം നല്‍കിയത്. സംഘടനാ സംവിധാനം കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആര്‍ഷിക്കുന്നതിനുമൊക്കെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒപ്പം സമകാലിക വിഷയങ്ങളില്‍ ക്യാംപയിനിംഗിനും യൂത്ത് ലീഗ് നേതൃത്വം നല്‍കുകയാണ്.

ക്യാമ്പ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അടുത്ത ആഴ്ച മുതല്‍ ജില്ലകളില്‍ റിപ്പോര്‍ട്ടിംഗ് നടക്കും. സംസ്ഥാന ഭാരവാഹികളാണ് ജില്ലകളില്‍ ക്യാമ്പ് തീരുമാനങ്ങള്‍ വിശദീകരിക്കുക. പ്രവര്‍ത്തന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരാവണമെന്നഭ്യര്‍ത്ഥിക്കുകയാണ്.

**************************
ഇതിനിടയില്‍ മൂന്നാറിലേക്ക് യൂത്ത് ലീഗ് നേതാക്കള്‍ വന്‍തുക മുടക്കി ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു എന്ന് ഏഷ്യാനെറ്റ് കണ്ടെത്തിയിരിക്കുന്നു. ഒരു പിതൃശൂന്യ വാട്‌സ്അപ്പ് കുറിപ്പാണ് ഏഷ്യാനെറ്റ് ആധാരമാക്കിയത്. മുനവ്വറലി തങ്ങളുടെ സുഹൃത്ത് സൗജന്യമായി ഒരുക്കിയ യാത്രയെയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്.

പതിനായിരം രൂപ റൂമിന് ദിവസ വാടകയുള്ള സ്ഥലത്ത് ക്യാമ്പ് നടത്തി എന്നാണ് മറ്റൊരു കണ്ടെത്തല്‍. കേവലം രണ്ടായിരം രൂപയില്‍ താഴെ വാടക കൊടുത്ത് ആറും ഏഴും ആളുകള്‍ ഒരു റൂമില്‍ താമസിച്ചാണ് യഥാര്‍ത്ഥത്തില്‍ എക്‌സി. ക്യാമ്പ് നടത്തിയത്.
ഇത്തരം കള്ള വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് ഒരഭ്യര്‍ത്ഥനയുണ്ട്. നിങ്ങള്‍ ന്യൂസ് റൂമില്‍ നിന്ന് പുറത്തിറങ്ങി മേലനങ്ങി പണിയെടുക്കണം. എന്നാലെ വസ്തുനിഷ്ടമായ വാര്‍ത്തകള്‍ ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ ആരോ എഴുതി വിടുന്ന വാട്‌സ്അപ്പ് കുറിപ്പ് പോലും വാര്‍ത്തയാക്കി ഇങ്ങിനെ സ്വയം പരിഹാസ്യരാവേണ്ടി വരും.

Test User: