ശ്യാമപ്രസാദ് സിനിമാ ലൈനില്‍ നിന്ന് ഒരു ഫാമിലി ലൈനിലേക്ക് തിരിയുന്ന സിനിമയായാണ് ‘ഹേയ് ജൂഡിനെ’ ആദ്യം വിശേഷിപ്പിക്കേണ്ടത്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം സിനിമയെടുക്കുമ്പോള്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്‍ ‘ഹേയ് ജൂഡിനെ’ തീവ്രവികാരങ്ങളുടെ പട്ടികയില്‍ നിന്ന് വേര്‍തിരിക്കുന്നു. തിയ്യേറ്ററില്‍ ആളെ നിറച്ച് കയ്യടി വാങ്ങിക്കാത്ത ഈ സംവിധായകന്‍ എന്നാല്‍ ഇക്കുറി മലയാള കുടുംപ്രേക്ഷകരൊക്കൊണ്ട് തിയ്യേറ്ററില്‍ കയ്യടിപ്പിക്കുമെന്നാണ് പ്രതീക്ഷ.
ഗോവയുടെ പശ്ചാത്തലത്തിലാണ് സിനിമയൊരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ നടി തൃഷയുടെ ആദ്യ മലയാള സിനിമയില്‍ നിവിന്‍പോളി നായകനാവുന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഫോര്‍ട്ട് കൊച്ചിലെ താമസക്കാരായ ജൂഡും(നിവിന്‍) കുടുംബവും ഗോവയിലെത്തുന്നതും അവിടെ നിന്ന് അന്തര്‍മുഖനായ ജൂഡ് ക്രിസിനെ(തൃഷയെ) പരിചയപ്പെടുന്നതിലൂടെയുമാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ജൂഡിന്റെയും ക്രസിന്റെയും ജീവിത യാത്ര പറയുന്ന ചിത്രത്തില്‍ ഗോവയുടെ മനോഹാരിത ഒപ്പിയെടുക്കുന്നതില്‍ പത്തരമാറ്റ് കാണിച്ച ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്റെ കഴിവ് അഭിനന്ദനാര്‍ഹമാണ്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ ചിത്രം എടുത്തിട്ടുള്ളത്. ഈ നര്‍മ്മം കുടുംബപ്രേക്ഷകരിലേക്കെത്തുമെന്നത് തന്നെയാണ് മറ്റൊരു തരത്തില്‍ ശ്യാമപ്രസാദ് എന്ന സംവിധായകന്റെ വിജയമാവുന്നത്. ആദ്യാവസാനം നര്‍മ്മം നിലനിര്‍ത്തി കൊണ്ടുള്ള പരിചരണമാണ് സിനിമയിലുള്ളത്. ചില ഒറ്റപ്പെട്ട തമാശകള്‍ക്കപ്പുറം മികവുള്ളതൊന്നുമില്ലെങ്കിലും ഒരു എന്റര്‍ടൈന്‍മെന്റ് ഫീല്‍ നല്‍കുന്നതിന് പിന്തുണക്കുന്നതാണ് തിരക്കഥ. സിനിമ ഗൗരവ സ്വഭാവത്തിലേക്ക് കടക്കുമ്പോഴും കടന്ന് വരുന്ന കോമഡിക്കായുള്ള സംഭാഷണങ്ങളില്‍ ആസ്വാദനത്തിന് കല്ല്ക്കടിയാണ്.
തെന്നിന്ത്യന്‍ നടി തൃഷ മെച്ചപ്പെട്ട അഭിനയം കാഴ്ച്ചവെക്കുന്നു. മലയാളത്തിലേക്കുള്ള നടിയുടെ കടന്നുവരവിനെ കയ്യടിയോടെ തന്നെ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ നിവിന്‍പോളിയെന്ന നടന്റെ കരിയറിലെ മികച്ച പ്രകടനമായാണ് ജൂഡിനെ വിലയിരുത്തേണ്ടത്. ഒരേ ടൈപ്പ് കഥാപാത്രങ്ങളില്‍ നിന്ന് അതിബുദ്ധിശാലിയായ 28കാരനിലേക്കുള്ള ഭാവമാറ്റം ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സിദ്ദിഖും നീനാകുറുപ്പും വിജയ്‌മേനോനും ഏറ്റവും മികച്ച പ്രകടനങ്ങളുമായി ചിത്രത്തിലെത്തുന്നുണ്ട്.
ചിത്രത്തില്‍ ഒരിടത്ത് പോലും അതിഭാവുകത്വം നിറക്കാതെ റിയലിസത്തിന്റെ ചേരിക്കൊപ്പം നില്‍ക്കാനുള്ള സിനിമയുടെ ശ്രമങ്ങള്‍ തന്നെയാവും പ്രേക്ഷകരെ ചിലപ്പോഴെല്ലാം അനാവശ്യ ഇഴച്ചില്‍ അനുഭവപ്പെടുമ്പോഴും സിനിമയെ അറിയാന്‍ പ്രേരിപ്പിക്കുന്നത്. ഹേയ് ജൂഡ് ഒരു കച്ചവടസ്വഭാവമുള്ള സിനിമയാണെന്ന് പറയുന്നതില്‍ തര്‍ക്കമില്ല. അതേസമയം, സ്ത്രീപക്ഷത്തുനിന്നും വായിക്കപ്പെടുന്ന സിനിമയായും ശ്രദ്ധിക്കപ്പെടുന്നു. ചിത്രത്തിലെ കാസ്റ്റിംങിലെ മേന്‍മയും എടുത്തുപറയേണ്ടതാണ്. കുടുംബപ്രേക്ഷകരെ ക്ഷണിക്കുന്ന ചിത്രത്തില്‍ മോശമല്ലാത്ത പാട്ടുകളുമുണ്ട്. നിര്‍മ്മല്‍ സഹദേവന്റെയും ജോര്‍ജ്ജിന്റെയുമാണ് തിരക്കഥ. കാര്‍ത്തിക് ജോഗേഷാണ് എഡിറ്റര്‍.