മക്കയിലെ ഹറം മസ്ജിദില്‍ കനത്ത മഞ്ഞുവീഴ്ചയുടെ വീഡിയോ ദൃശ്യം സമൂഹ മധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിശദീകരണവുമായി കാലാവസ്ഥാ വിഭാഗം. വീഡിയോ യഥാര്‍ത്ഥമല്ലെന്ന് ഔദ്യോഗിക കാലാവസ്ഥാ വിഭാഗം അറിയിച്ചു.
മക്കയിലെ ഹറം മസ്ജിദിന് സമീപം കനത്ത മഞ്ഞുവീഴ്ചയും തീര്‍ഥാടകര്‍ അപൂര്‍വ പ്രതിഭാസം ആസ്വദിക്കുന്ന വീഡിയോ ദൃശ്യമാണ് യൂട്യൂബിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടത്. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ദൃശ്യം വൈറലായി.
തീര്‍ത്ഥാടകരുടെ വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്മാരും മഞ്ഞുവീഴ്ചയോടെ പള്ളിയുടെ അരികിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണാം. ജനങ്ങള്‍ വീഡിയോകളും ഫോട്ടോകളും ഷൂട്ട് ചെയ്യാന്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും കാണാം. ഒരു പോലീസുകാരന്‍ കുട പിടിക്കുന്നതും ദൃശ്യത്തിലുണ്ട്.
സൗദി അറേബ്യയിലെ മക്ക ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ച മഴ രേഖപ്പെടുത്തിയിരുന്നു. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായി.