X

ശക്തമായ തിരമാലക്ക് സാധ്യത; തീരദേശവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കേരള, കര്‍ണാടക, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് രാത്രി ശക്തമായ തിരമാലക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്നും നാളെയും വടക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

web desk 1: