X

സംസ്ഥാനത്ത് കനത്ത മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇന്നും ശക്തമായി പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസർകോട് ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആന്ധ്രാ തീരം മുതൽ കേരളതീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയുടെയും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാലവർഷക്കാറ്റിന്റേയും സ്വാധീന ഫലമായാണ് കേരളത്തിൽ ഇപ്പോൾ മഴ ലഭിക്കുന്നത്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.

അതേസമയം, മഴയുടെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് അവധി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

webdesk14: