സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി വണ്ണപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് ഒരു മരണം. കൊച്ചിയിലും കനത്ത മഴ തുടരുകയാണ്. കാക്കനാട്, തൃക്കാക്കര, കളമശേരി മേഖലകളില്‍ ശക്തമായ മഴയുണ്ട്. ശക്തമായ മഴയില്‍ കൊല്ലത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ പലയിടങ്ങളിലും മലവെള്ളപ്പാച്ചിലുണ്ടായി. തെന്മല , ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകള്‍ തുടര്‍ച്ചയായി മഴ പെയ്തത്.
തിരുവനന്തപുരത്ത് കശുവണ്ടി കമ്പനിയുടെ മതില്‍ ഇടിഞ്ഞുവീണ് സമീപത്തെ വീട് തകര്‍ന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് മഴ ശക്തി പ്രാപിക്കുന്നത്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും തമിഴ്നാടിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇത് കേരളത്തിലെ മഴയെ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.