ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതീതീവ്ര ന്യൂനമര്‍ദം ആന്ധ്രാ തീരത്തെത്തി. ചൊവ്വാഴ്ച രാവിലെ ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ കാക്കിനഡ തീരത്തേക്കാണ് ന്യൂനമര്‍ദ്ദം അടുക്കുന്നത്. കടുത്ത ന്യൂനമര്‍ദത്തിന്റെ ഫലമായി ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്.
അതേസമയം, ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ പരക്കെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, മഹാരാഷ്ട്രയുടെ ഏതാനും ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ തീരപ്രദേശങ്ങള്‍, കൊങ്കണ്‍ മേഖല, ഗോവ, സെന്‍ട്രല്‍ മഹാരാഷ്ട്ര, മറാത്ത് വാഡ, ഒഡീഷ, ഛത്തീസ് ഗഡ്, വിദര്‍ഭ മേഖലകളിലെല്ലാം അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.