ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തെക്കൻ തമിഴ്നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ 10 പേർ മരിച്ചു. മരണപ്പെട്ടവരിൽ ഏഴുപേർ തിരുനെൽവേലി ജില്ലയിലും മൂന്നു പേർ തൂത്തുക്കുടി ജില്ലയിൽ നിന്നുള്ളവരുമാണെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ മാധ്യമങ്ങളെ അറിയിച്ചു.
മഴ കടുത്ത സാഹചര്യത്തിൽ 160 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 17,000 പേരെ ഈ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ടെന്നും തമിഴ്‌നാട് ചീഫ് സെക്രട്ടറി അറിയിച്ചു. 34,000 ഭക്ഷണ പാക്കറ്റുകൾ ആളുകൾക്ക് വിതരണം ചെയ്തുവെന്നും ജലനിരപ്പ് കുറയാത്തതിനാൽ ചില സ്ഥലങ്ങളിൽ ഇപ്പോഴും എത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഒമ്പത് ഹെലികോപ്റ്ററുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്നും ഒരു ഹെലികോപ്റ്റർ കൂടി രക്ഷാപ്രവർത്തനനത്തിനായി ഒരുക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.