സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് ഇതുവരെ 6,411 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയുടെ ഇരു കരകളിലുമുള്ള ആഴുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.
തൃശൂരില്‍ അഞ്ചു താലൂക്കുകളിലായി തുറന്ന 51 ദുരിതാശ്വാസ ക്യാംപുകളില്‍ ഇതുവരെ 1685 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന നടപടികള്‍ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ 43 ക്യാംപുകളിലായി 1017 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കോട്ടയത്ത് 45 ക്യാംപുകളിലായി 1075 ആളുകളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 43 പേരെയും ആലപ്പുഴയില്‍ 15 ക്യാംപുകളിലായി 289 പേരെയും ഇടുക്കിയില്‍ എട്ടു ക്യാംപുകളിലായി 160 പേരെയും എറണാകുളത്ത് 20 ക്യാംപുകളിലായി 753 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
പാലക്കാട് അഞ്ചു ക്യാംപുകളാണ് ഇതുവരെ ആരംഭിച്ചത്. 182 പേര്‍ ക്യാംപുകളിലുണ്ട്. മലപ്പുറത്ത് നാലു ക്യാംപുകളില്‍ 66 പേരെയും കോഴിക്കോട് 11 ക്യാംപുകളില്‍ 359 പേരെയും വയനാട് 11 ക്യാംപുകളില്‍ 512 പേരെയും കണ്ണൂരില്‍ നാലു ക്യാംപുകളിലായി 217 പേരെയും കാസര്‍കോഡ് ഒരു ക്യാംപില്‍ 53 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
ശക്തമായ മഴയില്‍ സംസ്ഥാനത്ത് ഇന്നു(04 ഓഗസ്റ്റ്) രണ്ടു വീടുകള്‍കൂടി പൂര്‍ണമായും 39 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 32 ആയി. 237 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഓരോ വീടുകളാണ് ഇന്നു പൂര്‍ണമായി തകര്‍ന്നത്. തിരുവനന്തപുരം 9, കൊല്ലം 4, പത്തനംതിട്ട 9, ആലപ്പുഴ 2, ഇടുക്കി 3, എണാകുളം 6, തൃശൂര്‍ 2, കോഴിക്കോട് 2, വയനാട് 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം.