കനത്ത മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: അറബി കടലില്‍ രൂപം കൊണ്ട ക്യാര്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

മഴ ശക്തമാവുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റാവുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്ര തീരത്ത് നിന്നും 210 കിമീ അകലെ നിന്നാണ് കാറ്റ് ശക്തി പ്രാപിച്ച് നീങ്ങുക. മുംബൈ നഗരത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയാണ് പ്രവചിക്കുന്നത്. കാറ്റിന്റെ വേഗം പരമാവധി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്.

chandrika:
whatsapp
line