ഉൾവനത്തിൽ കനത്ത മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിലിൽ കോട്ടപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലമ്പൂർ പൂക്കോട്ടുംപാടം ടി.കെ.കോളനിയിൽ വിനോദയാത്ര വന്ന കുട്ടികൾ ഉൾപ്പെടെ അക്കരെ കുടുങ്ങി. ഇന്നലെ ഉച്ചക്ക് ആന്റണിക്കാട് അസംപ്ഷൻ പബ്ലിക് സ്കൂളിന് സമീപം ആണ് സംഭവം. സ്ഥലത്ത് അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡ് സഥാപിച്ചിട്ടുണ്ട്.
വഴിക്കടവ് പൂവത്തിപ്പാെയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ 6 പേരിൽ സ്ത്രീയും 3 കുട്ടികളും ലക്ഷദ്വീപിൽ നിന്നുള്ള മറ്റാെരു സംഘത്തിലെ 2 പുരുഷന്മാരുമാണ് മുന്നറിയിപ്പ് അവഗണിച്ച് പുഴയിൽ ഇറങ്ങിയത്. ഉൾവനത്തിൽ മലനിരകളിൽ കനത്ത മഴയായിരുന്നു. പെട്ടെന്ന് ജലനിരപ്പ് ഉയർന്നപ്പോൾ രണ്ടര മുതൽ 10 വയസ്സ് പ്രായക്കാരായ 3 കുട്ടികൾ, സ്ത്രീ, ലക്ഷദ്വീപുകാർ എന്നിവർ കുടുങ്ങി.
പുഴയോരത്ത് നിന്നവർ വിവരം അഗ്നിരക്ഷാ സേന, പൊലീസ് എന്നിവരെ അറിയിച്ചു. പഞ്ചായത്ത് അധികൃതർ, പൊലീസ്, നിലമ്പൂരിൽ നിന്ന് അഗ്നി രക്ഷാസേന, സിവിൽ ഡിഫൻസ് സേന, നാട്ടുകാർ തുടങ്ങിയവർ സ്ഥലത്തെത്തി. ജലനിരപ്പ് കൂടിക്കൊണ്ടിരുന്നതും ഇരുട്ടും രക്ഷാശ്രമം ദുഷ്കരമാക്കി.
അഗ്നിരക്ഷാ സേനയിലെ 2 പേർ നീന്തി അക്കരെ എത്തി. കുട്ടികളെ തോളിലേറ്റി 2 കിലോമീറ്റർ ദൂരം നടന്ന് നാൽപത് സെന്റ് കോളനിയിൽ എത്തിച്ചു. രാത്രി 9 മണിയോടെ സംഘം വഴിക്കടവിലേക്ക് മടങ്ങി.