X

ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അല‌ർട്ട്, കാണാതായ 2 പേർക്കായി തിരച്ചിൽ, ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും പുലര്‍ച്ചെ മുതല്‍ പലയിടത്തും മഴ ലഭിച്ചു. അതേസമയം രാവിലെ പല ജില്ലകളിലും കാര്യമായ മഴയില്ലായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ട്. വരും മണിക്കൂറില്‍ മഴ പെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

പത്തനംതിട്ടയിലെ മണക്കാല, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ ഒഴുക്കില്‍പ്പെട്ടു 2 പേരെ കാണാതായി. മീന്‍ പിടിക്കാന്‍ പോയ 63 കാരന്‍ ഗോവിന്ദനെയാണ് പള്ളിക്കല്‍ ആറ്റില്‍ കാണാതായത്. ബീഹാര്‍ സ്വദേശി നരേഷിനെ മണിമല ആറ്റിലും കാണാതായി. സ്‌കൂബ സംഘം ഇന്നും തിരച്ചില്‍ തുടരും. രാത്രി വൈകിയും പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശമുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം.

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അതിരപ്പിള്ളി, വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ട്രക്കിംഗും നിരോധിച്ചു. അതേസമയം, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ഇതുവഴി സഞ്ചരിക്കാം. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഴാനി, പീച്ചി ഡാമുകള്‍, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

കോട്ടയം ജില്ലയിലെ മലയോര മേഖലകളിലേക്കും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലൂടെയും ഉളള രാത്രി യാത്രാ നിരോധനം ഇന്നും തുടരും. അത്യാവശ്യങ്ങള്‍ക്കായി രാത്രി യാത്ര ചെയ്യേണ്ടവര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

webdesk13: