തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് മുതല്‍ 20 സെന്റീമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. അടുത്ത 24 മണിക്കൂര്‍ നേരത്തേക്കാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ഇതുവരെ 27 പേര്‍ മരിച്ചതായാണ് സര്‍ക്കാറിന്റെ കണക്ക്. 200 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 60,000ത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ സജ്ജമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.