X

തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പെട്ടു; സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

ഇടുക്കി: പെരുമഴയെ തുടര്‍ന്ന് ഒഴുക്കില്‍പെട്ട കാറിനു സമീപം ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ കാഞ്ഞാറിലാണ് സംഭവം. അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍ നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോവുകയായിരുന്നു. മൃതദേഹം കണിയാന്‍ തോട്ടില്‍ നിന്നാണ് വീണ്ടെടുത്തത്. കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

മഴക്കെടുതിയെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തുണ്ടായ ആദ്യത്തെ മരണമാണിത്. രാവിലെയാണ് അതിശക്തമായ മഴയെ തുടര്‍ന്ന് കാര്‍ ഒലിച്ചുപോയത്. പിന്നീട് പൊ ലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തി. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നേരത്തെ തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും കാസര്‍കോടും യെല്ലോ അലര്‍ട്ട്.

വടക്കന്‍ കേരളത്തിലും അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. വൈകുന്നേരത്തോടെ വടക്കന്‍ജില്ലകളില്‍ മഴ കനക്കും. അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദത്തിന്റെ ഫലമായാണ് കേരളത്തില്‍ ശക്തമായ മഴ പെയ്യുന്നത്.

കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായി ഏഴുപേരെ കാണാതായി. മൂന്ന് വീടുകളും ഒലിച്ചുപോയി. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെല്ലാം പല സ്ഥലങ്ങളും വെള്ളത്താല്‍ മുങ്ങി. ഒരു മണിക്കൂറിനിടെ തന്നെ റെക്കോര്‍ഡ് മഴയാണ് പലയിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും കഴിയുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിക്കുന്നു.

web desk 1: