കോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളിലെ കനത്തമഴയെ തുടര്‍ന്ന് കക്കയം വാലിയില്‍ ഉരുള്‍പൊട്ടി. കക്കയം ഡാമിന് സമീപം കാട്ടിലെ മലയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വെള്ളംകയറിയതിനാല്‍ സ്ഥലത്തെ ഗതാഗതം തടസ്സപ്പെട്ടു. കക്കയത്തെത്തിയ വിനോദസഞ്ചാരികളും ഡാമിലെ വൈദ്യുതി വകുപ്പിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും ജീവനക്കാരും ഡാം സൈറ്റിനകത്ത് കുടുങ്ങിതായാണ് വിവരം.
മഴ കുറഞ്ഞതിന് ശേഷം യന്ത്രസംവിധാനങ്ങള്‍ അടക്കമുള്ളവ സ്ഥലത്തെത്തിച്ച് ഗതാഗതം പുനഃസ്ഥാപിച്ചാല്‍ മാത്രമെ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ക്ക് അവിടെനിന്ന് തിരിച്ചെത്താന്‍ കഴിയൂവെന്നാണ് ലഭ്യമായ വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
അതിനിടെ,താമരശേരി ചുരം ഏഴാം വളവില്‍ കനത്ത മഴയെത്തുടര്‍ന്ന് റോഡ് ഒലിച്ചുപോയി. ഇതേത്തുടര്‍ന്ന് ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.